പരുമല തിരുമേനിയുടെ വിശുദ്ധ ജീവിതത്തിൽ നിന്ന് ചൈതന്യം ഉൾക്കൊള്ളണം : മാത്യു ടി. തോമസ്


പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ വിശുദ്ധ ജീവിതത്തിൽ നിന്ന് ചൈതന്യം ഉൾക്കൊള്ളണമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പരുമല തിരുമേനിയുടെ 115-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന തീർത്ഥാടന വാരാഘോഷ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീർത്ഥാടനം സത്യത്തെ അന്വേഷിച്ചുള്ള യാത്രയാണെന്നും മന്ത്രി പറഞ്ഞു. നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.

ലോക ക്രിസ്‌തീയ ആത്മീയ പരമ്പരയിൽ ലഭിച്ച ഏറ്റവും വലിയ നിധിയാണ് പരിശുദ്ധ പരുമല തിരുമേനിയെന്ന് മുൻ കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗം റവ. വത്സൻ തമ്പു അനുസ്‌മരണ പ്രഭാഷണത്തിൽ പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയെക്കുറിച്ച് റവ. വത്സൻ തമ്പു രചിച്ച പുസ്‌തകം കൊച്ചി ഭദ്രാസനാധിപൻ അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ചെങ്ങന്നുർ ഭദ്രാസനാധിപന്‍ അഭി. തോമസ് മാർ അത്താനാസിയോസ്‌ മെത്രാപ്പോലീത്താക്ക് നൽകി പ്രകാശനം ചെയ്‌തു. കൊല്ലം ഭദ്രാസനാധിപൻ അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലിത്താ, ആന്റോ ആന്റണി എം.പി., അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എം.സി. കുര്യാക്കോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, പരുമല ആശുപത്രി സി.ഇ.ഒ. ഫാ. എം.സി. പൗലോസ്, പരുമല കൗൺസിൽ അംഗങ്ങളായ ഫാ. ജോൺസ് ഈപ്പൻ, സൈമൺ കെ. വർഗീസ്, എ. തോമസ് ഉമ്മൻ അരികുപുറം, മാത്യു എ.പി. യോഹന്നാൻ ഈശോ എന്നിവർ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment