അനുഗ്രഹിനും ഫാത്തിമായ്ക്കും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥികളായി കോട്ടയത്ത് സഭയുടെ ആദരവ് ഏറ്റുവാങ്ങാന്‍ എത്തിയ കോഴിക്കോട് പറമ്പില്‍ക്കടവ് എം.എ.എം യൂ.പി.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ ഭിന്നശേഷിക്കാരന്‍ അനുഗ്രഹ് സഹപാഠിയും സുഹൃത്തുമായ ഫാത്തിമാ ബിസ്മി എന്നിവരെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി സ്വീകരിച്ചു. ജനശതാബ്ദി എക്‌സ്പ്രസ് സ്റ്റേഷനില്‍ എത്തിയതും പരിശുദ്ധ കാതോലിക്കാ ബാവാ സ്റ്റേഷനില്‍ എത്തിയതും ഒരേ സമയത്തായിരുന്നു. അനുഗ്രഹും ഫാത്തിമയും സഞ്ചരിക്കുന്ന കമ്പാര്‍ട്ട്‌മെന്റിനരികിലേയ്ക്ക് നടന്ന് നീങ്ങിയ പരിശുദ്ധ കാതോലിക്കാ ബാവായെ കണ്ടവരെല്ലാം പതിവില്ലാത്ത കാഴ്ച കണ്ട് കാര്യം തിരക്കി. പലരും കൈമുത്തി അനുഗ്രഹം തേടി. റെയില്‍വേ ഉദേ്യാഗസ്ഥരും യാത്രക്കാരും അനുഗമിച്ചു. ഡി 2 കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാതാപിതാക്കളുടെ സഹായത്തോടെ ഇറങ്ങിയ അനുഗ്രഹ് തിരുമേനിയെ കണ്ട് തുറന്ന ചിരിയോടെ തിടുക്കത്തില്‍ നടന്ന് വന്ന് ചിരപരിചതരെപോലെ തിരുമേനിയെ കെട്ടിപിടിച്ചു. പിന്നാലെ എത്തിയ ഫാത്തിമ കൂപ്പുകൈകളോടെ തിരുമേനിയെ അഭിവാദ്യം ചെയ്തു. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുക പതിവുളള പരിശുദ്ധ കാതോലിക്കാ ബാവാ ആതിഥേയനായി എത്തിയത് എല്ലാവരിലും കൗതുകമുണര്‍ത്തി. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ചെറിയാന്‍ തോമസ്, എന്നിവരും ആതിഥേയ സംഘത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായൊടൊപ്പമുണ്ടായിരുന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയ അനുഗ്രഹ്, ഫാത്തിമ, മീനാക്ഷി എന്നിവര്‍ പരിശുദ്ധ കാതോലിക്കാ ബാവായൊടൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

Comments

comments

Share This Post

Post Comment