ദര്‍ശനമുള്ള യുവത്വം നന്മയുള്ള സമൂഹനിര്‍മ്മിതിക്ക് ആവശ്യം : ജോഷ്വാ മാര്‍ നിക്കോദിമോസ്

റാന്നി : ദര്‍ശനമുള്ള യുവത്വം നന്മയുള്ള സമൂഹനിര്‍മ്മിതിക്ക് ആവശ്യമെന്ന് നിനലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. യുവാക്കള്‍ അവര്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ഗുണപ്രദമാക്കണം. വ്യത്യസ്ത വീക്ഷണവും അനുഭവമുള്ളവരാണ് നാം. വ്യത്യസ്തകളെ ഒരുമിച്ച് നിര്‍ത്തുമ്പോഴാണ് വളര്‍ച്ച സാധ്യമാകുന്നത്. ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ റാന്നി സെന്റ് തോമസ് അരമനയില്‍ നടന്ന ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.യൂഹാനോന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് ക്രിസ്ത്യന്‍ കേരളാ റീജിയന്‍ ചെയര്‍പേഴ്സണ്‍ ഓമന മാത്യു മുഖ്യപ്രഭാഷണം നടത്തി. പുതിയ സാധ്യതകളെ ആരായുന്ന മൂല്യാധിഷ്ഠിത യുവനേതൃത്വമാണ് ഇന്ന് അനിവാര്യമായിരിക്കുന്നത്. നീതിയും തുല്യതയുമുള്ള വിവേചന രഹിതമായ സമൂഹമാണ് ദൈവരാജ്യ ദര്‍ശനത്തിന്റെ അടിസ്ഥാനം. വാക്കുകള്‍കൊണ്ട് മറ്റുള്ളവരെ തളിര്‍ക്കുവാന്‍ പ്രേരണ നല്‍കുന്നവരാകണം നേതാക്കള്‍ എന്ന് അവര്‍ പറഞ്ഞു. ക്രിസ്തീയ ദര്‍ശനത്തില്‍ വേരൂന്നിയ യുവനേതൃത്വം എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. ഭദ്രാസന സെക്രട്ടറി ഫാ.ഇടിക്കുള എം. ചാണ്ടി, യുവജനപ്രസ്ഥാനം ഭദ്രാസന ജനറല്‍ സെക്രട്ടറി അനു വടശ്ശേരിക്കര, ജോയിന്റ് സെക്രട്ടറി മിന്റാ മറിയം വര്‍ഗീസ്, എസ്.സി.എം. പ്രോഗ്രാം സെക്രട്ടറി ലെവിന്‍ ചെറിയാന്‍, ഡീക്കന്‍ ഫിലിപ്പോസ് തോമസ്, ആഷ്ന അന്ന വര്‍ഗീസ്, റ്റിറ്റി അന്നമ്മ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment