അഡലൈഡ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശ നിറവില്‍

ഓസ്ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം വിശുദ്ധ മൂറോന്‍ കൂദാശയുടെ പരിമളം ഏറ്റുവാങ്ങി. ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ നടന്ന ദേവാലയ കൂദാശയ്ക്ക് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ഓസ്ട്രലിയ റീജിയണിലെ വന്ദ്യ വൈദികരായ ഫാ.തോമസ് വര്‍ഗീസ്, ഫാ.ജെയിംസ് ഫിലിപ്പ്, ഫാ.ഐവാന്‍ മാത്യൂസ്, ഫാ.പ്രദീപ് പൊന്നച്ചന്‍, ഫാ.സജു ഉണ്ണൂണ്ണി, ഫാ.അജിഷ് വി. അലക്സ്, ഫാ.ജിതിന്‍ ജോയി മാത്യു എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഈ പള്ളിയേയും ഞങ്ങളേയും ശുദ്ധീകരിക്കണമേ എന്ന പ്രാര്‍ത്ഥനയുമായി വിശ്വസസമൂഹം കൂദാശയില്‍ പങ്കുചേര്‍ന്നു. 14-ാം തീയതി പുതിയ പാഴ്സണേജിന്റെ കൂദാശ അഭിവന്ദ്യ തിരുമനസുകൊണ്ട് നിര്‍വ്വഹിച്ചു. 15-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5.45-ന് അഭിവന്ദ്യ തിരുമേനിയെയും വൈദികരേയും ഇടവക വികാരി ഫാ.അനിഷ് കെ.സാമിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ദേവാലയത്തിലേക്ക് സ്വീകരിക്കുകയും തുടര്‍ന്ന് സന്ധ്യാനമസ്‌കാരം നടത്തുകയും ചെയ്തു. തുടര്‍ന്ന് പള്ളിയുടെ താക്കോല്‍ ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഏബ്രഹാം പാലക്കാട്ട് അഭിവന്ദ്യ തിരുമേനിയെ ഏല്‍പ്പിക്കുകയും തിരുമേനി വികാരിക്ക് നല്‍കുകയും വികാരി ഇടവക കൈക്കാരന്‍ ബിജു കുര്യാക്കോസിന് കൈമാറുകയും ചെയ്തു. അതിനു ശേഷം ദേവാലയകൂദാശയുടെ ഒന്നാം ശുശ്രൂഷ നിര്‍വ്വഹിച്ചു. 16-ാം തീയതി ശനിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാതനമസ്‌കാരവും തുടര്‍ന്ന് ദേവാലയകൂദാശയുടെ രണ്ടാം ശുശ്രൂഷയും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും അര്‍പ്പിച്ചു. പൊതുസമ്മേളനം, ആശീര്‍വ്വാദം, സ്നേഹവിരുന്ന് എന്നിവയോടു കൂടി കൂദാശ ശുശ്രൂഷകള്‍ക്ക് പരിസമാപ്തിയായി.
2007-ല്‍ ആരാധന ആരംഭിച്ച ദേവാലയത്തിന്റെ ദശവര്‍ഷ ജൂബിലി നിറവില്‍ ദൈവം നല്‍കിയ സമ്മാനമാണ് ഈ പുതിയ ദേവാലയം. അഡലൈഡ് പട്ടണത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കത്തക്ക വിധത്തില്‍ 1.23 ഏക്കര്‍ സ്ഥലത്താണ് (2B, Tolmer Road, Elizabeth Park, Adelaide 5113) ദേവാലയം ഒരുങ്ങിയിരിക്കുന്നത്. പാഴ്സണേജും മറ്റ് അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. കൂദാശാ ശുശ്രൂഷയില്‍ അഡലൈഡിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നും അതോടൊപ്പം മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബെയ്ന്‍, ക്യാന്‍ബെറ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ സംബന്ധിച്ചു.

 

Comments

comments

Leave a Reply

Your email address will not be published. Required fields are marked *