കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായ പദ്ധതി

മസ്‌ക്കറ്റ്: സാമ്പത്തിക ക്ലേശം മൂലം ചികിത്സയ്ക്ക് നിര്‍വ്വാഹമില്ലാത്ത അര്‍ബുദ രോഗികള്‍ക്ക് വീണ്ടും ചികിത്സാ സഹായവുമായി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക. തണല്‍ പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം റുവി സെന്റ്. തോമസ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം നടന്ന ചടങ്ങില്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ലോക കേരള നിയമസഭാ സ്റ്റാന്റിംഗ് കമ്മറ്റി അംഗവുമായ പി. എം. ജാബിര്‍ നിര്‍വ്വഹിച്ചു. ഇടവകയുടെ അസോസിയേറ്റ് വികാരി ഫാ. ബിജോയ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റി ബിജു പരുമല, തണല്‍ പദ്ധതി ജനറല്‍ കണ്‍വീനര്‍ ശ്രീ. ബെന്‍സണ്‍ സക്കറിയ എന്നിവര്‍ സംസാരിച്ചു.

ഇടവകയുടെ തണല്‍ ജീവകാരുണ്യ പദ്ധതിയില്‍ ”കാരുണ്യത്തിന്റെ നീരുറവ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപവരെ ധനസഹായം നല്‍കുന്നു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷവും കാന്‍സര്‍ ചികിത്സക്കായി നടപ്പാക്കിയ പദ്ധതിയിലൂടെ നൂറ്റി അന്‍പതോളം പേര്‍ക്ക് ധനസഹായം നല്‍കിയിരുന്നു. അപേക്ഷകര്‍ക്ക് നേരിട്ട് ചികിത്സാ സഹായം നല്‍കുന്നതോടൊപ്പം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ഒമാനിലുമായി ബോധവത്ക്കരണ സെമിനാറുകള്‍, കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാംപുകള്‍, സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വഴിയുള്ള ചികിത്സാ സഹായം എന്നിവയും നടത്തും. ജാതിമത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലുമുള്ള നിര്‍ദ്ധനരായ രോഗികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ധന സഹായത്തിനായി അപേക്ഷിക്കുന്നവര്‍ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ അപേക്ഷയോടൊപ്പം വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കേറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2018 നവംബര്‍ 30 ന് മുന്‍പായി ‘The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman’ എന്ന വിലാസത്തില്‍ അയക്കണം.

Comments

comments

Share This Post

Post Comment