മസ്‌കറ്റ് സംഗമം നടത്തി.

പരുമല: മസ്‌കറ്റ് മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന മസ്‌കറ്റ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവക നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിര്‍ധനര്‍ക്കായി നടപ്പാക്കുന്ന ക്ഷേമപദ്ധതികളും അനേകര്‍ക്ക് സാന്ത്വനമായിട്ടുണ്ടെന്നും മന്ത്രി അനുസ്മരിച്ചു.
ചടങ്ങില്‍ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തി. ഒമാന്‍ എന്ന അനുഗ്രഹീത ഭൂമിയില്‍ നാലര ദശാബ്ദങ്ങള്‍ പിന്നിടുന്ന ഇടവക സഭയ്ക്കും സമൂഹത്തിനും നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭ ഈ വര്‍ഷം ആരംഭിക്കുന്ന വിധവാ പെന്‍ഷന്‍ പദ്ധതിയില്‍ മസ്‌കറ്റ് ഇടവകയുടെ ആദ്യ സംഭാവന സ്വീകരിച്ചു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനവും കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ഇടവക ഈ വര്‍ഷം നടപ്പാക്കുന്ന തണല്‍ കാന്‍സര്‍ ചികിത്സാ സഹായ പദ്ധതി, ഡയാലിസിസ് യൂനിറ്റിനുള്ള സഹായം, വിവാഹം, വിദ്യാഭാസം, ഭാവന നിര്‍മ്മാണം, സ്വയം തൊഴില്‍ കണ്ടെത്തല്‍ തുടങ്ങിയവയ്ക്കുള്ള സഹായ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
ഇടവക മെത്രാപ്പോലീത്താ ഡോ . ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ്, പരുമല സെന്റ്. ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി സി. ഇ. ഓ. ഫാ. എം. സി. പൗലോസ്, സഭാ മാനേജിങ് കമ്മറ്റി അംഗവും ജനറല്‍ കണ്‍വീനറുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റി ബിജു പരുമല ഇടവക ചരിത്രം അവതരിപ്പിച്ചു. കോ-ട്രസ്റ്റി ജാബ്‌സണ്‍ വര്‍ഗീസ്, സെക്രട്ടറി ബിനു കുഞ്ചാറ്റില്‍ എന്നിവര്‍ പദ്ധതി സമര്‍പ്പണം നടത്തി. വികാരി ഫാ. പി. ഓ മത്തായി സ്വാഗതവും അഡ്വ. എബ്രഹാം മാത്യു നന്ദിയും പറഞ്ഞു.
പരിപാടികളുടെ ഭാഗമായി ഇടവകയില്‍ സേവനമനുഷ്ഠിച്ച വൈദികരുടെയും പൂര്‍വ്വകാല അംഗങ്ങളുടെയും നിലവിലെ അംഗങ്ങളുടെയും സമാഗമം, അലുംനി അസ്സോസ്സിയേഷന്‍ രൂപവത്ക്കരണം, കാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍, പൊതു ചര്‍ച്ച എന്നിവയും നടന്നു

Comments

comments

Share This Post

Post Comment