ക്രൈസ്തവ സഭയുടെ വിശുദ്ധ കൂദാശകളില്‍ പ്രധാനപ്പെട്ട ഒന്നായ വിശുദ്ധ കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭ ആഗസ്റ്റ് 5 ഞായറാഴ്ച്ച പ്രതിഷേധദിനമായി ആചരിക്കും. വേണ്ടത്ര പഠനമോ, വിശകലനമോ, ചര്‍ച്ചയോ ഇല്ലാതെ ഏകപക്ഷീയവും വികലവുമായ വിധത്തില്‍ സമര്‍പ്പിക്കപ്പെട്ട ആ നിര്‍ദ്ദേശം തളളിക്കളയണമെന്ന് സഭാ അസോസിയേഷന് സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുളള പ്രമേയം പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ഇടവകകള്‍ പാസാക്കുന്നതാണ്.ക്രൈസ്തവ സഭകള്‍ പിന്തുടര്ന്നുവന്ന വിശ്വാസപ്രമാണങ്ങളെയും മൂല്യങ്ങളെയും തത്വസംഹിതകളെയും തികഞ്ഞ ആദരവോടും സഹിഷ്ണതയോടുംകൂടി സമീപിച്ചിരുന്ന സമ്പന്നമായ ഭാരതീയ സംസ്ക്കാരത്തിന് കളങ്കം ചാര്ത്തുന്നവിധം, സഭയുടെ വിശുദ്ധ കൂദാശകളില്‍ പ്രധാനപ്പെട്ട ഒന്നായ വിശുദ്ധ കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ ശക്തമായപ്രതിഷേധം രേഖപ്പെടുത്തുന്നു. കൃത്യമായ പഠനമോ, വിശകലനമോ, ചര്‍ച്ചയോ കൂടാതെ ഏകപക്ഷീയവും അപക്വവുമായവിധത്തില് സമര്‍പ്പിക്കപ്പെട്ട ആ നിര്‍ദ്ദേശം തളളിക്കളയണമെന്ന് ബഹുമാനപ്പെട്ട കേന്ദ്ര ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.