അനുഗ്രഹങ്ങളെ മറക്കരുത്:-പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ലഭിച്ച അനുഗ്രഹങ്ങളെ മറക്കുകയും കിട്ടാത്തതിനെക്കുറിച്ച് പരിഭവിക്കുകയും ചെയ്യുന്ന രീതി അഭിലഷണീയമല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. സംസാരം സൂക്ഷ്മതയോടെ വേണം. പരസ്പര ധാരണയോടും ഐക്യത്തോടും പ്രവര്‍ത്തിക്കണം. നടപടികള്‍ സഭയ്ക്കും സമൂഹത്തിനും ഉതകുന്ന വിധത്തിലുളളതായിരിക്കണം. ബാഹ്യവും ആന്തരികവുമായ വെല്ലുവിളികളെ അഭിമുഖീകരിച്ച് അതിജീവിക്കാന്‍ ശ്രമിക്കുകയും ജയ-പരാജയങ്ങള്‍ ദൈവാശ്രയത്തോടെ നേരിടാന്‍ കഴിയുകയും വേണമെന്ന് പരിശുദ്ധ ബാവാ അനുസ്മരിപ്പിച്ചു.സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും അംഗങ്ങളായ സുന്നഹദോസ് യോഗം 11-ാം തീയതി സമാപിക്കും.സഭാ മാനേജിംഗ് കമ്മിറ്റി യോഗം ആഗസ്റ്റ് 9 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കോട്ടയം പഴയ സെമിനാരി ആഡിറ്റോറിയത്തില്‍ ചേരും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *