സ്വാതന്ത്ര്യവും മതേതരത്വവും നിലനിര്‍ത്തണം:- പരിശുദ്ധ കാതോലിക്കാ ബാവാ

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യഗോജ്വലമായ സമരത്തിന്റെ ഫലമായി നമുക്ക് സിദ്ധിച്ചിട്ടുളള സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും മതേതരത്വം പരിപാലിക്കുന്നതിനും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ ബാവാ. പ്രളയ ദുരിതക്കെടുതിയാല്‍ ക്ലേശിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനായി കരുതലിന്റെ സ്വാന്തന സ്പര്‍ശമായി സഭാംഗങ്ങള്‍ പ്രവര്‍ത്തിക്കണം. പൗരാണികമായ ഒരു ഭാരതസഭ എന്ന തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ ബഹു. സുപ്രീം കോടതിയുടെ വിധി അനുസരിച്ചും സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലും സഭയില്‍ സമാധാനം പുന:സ്ഥാപിക്കാനുളള ശ്രമം തുടരുമ്പോള്‍ അതിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് ആരും ശ്രമിക്കരുത്. ചില വൈദീകരുടെ പേരിലുളള ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നുമാണ് ആദ്യം മുതലുളള സഭയുടെ നിലപാട്. അതില്‍ യാതൊരു മാറ്റവുമില്ല. എന്നാല്‍ ഈ കാര്യത്തില്‍ വൈദീകരെ ഒന്നടങ്കം പഴിചാരുന്നതും കുമ്പസാരം പോലെയുളള വിശുദ്ധ കൂദാശകളെ അവഹേളിക്കുന്നതിനുളള അവസരമായി ഉപയോഗിക്കുന്നവര്‍ നല്ല ഉദ്ദേശത്തോടെയല്ല അത് ചെയ്യുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത നയിച്ച ധ്യാനത്തോടെയാണ് യോഗം ആരംഭിച്ചത്. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ച സമുദായ വരവു ചെലവു കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടും അംഗീകരിച്ചു. ഓര്‍ത്തഡോക്‌സ് സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ മന:പ്പൂര്‍വ്വം അസത്യവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ചില പത്ര-മാധ്യമങ്ങളുടെ മാന്യമായ മാധ്യമ സംസ്‌ക്കാരത്തിന് ചേരാത്തതും അധാര്‍മ്മീകവുമായ നിലപാടിനെതിരെ യോഗം പ്രതിഷേധിച്ചു. കോടതിവിധികള്‍ നടപ്പിലാക്കുന്നതിന് വൈഷമ്യം കാണിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകണമെന്ന് യോഗം തീരുമാനിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ ‘സെര്‍ജി റഡോനേഷ്’ നേടിയ റോയി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ചെറിയാന്‍ ഈപ്പനെ അനുമോദിച്ചു. കേന്ദ്രഗവണ്‍മെന്റിന്റെ നാരീശക്തി പുരസ്‌ക്കാരം നേടിയ ഡോ. എം.എസ് സുനില്‍, വൈ.എം.സി.എ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷ് ബേബി, രാജന്‍ ജോര്‍ജ് പണിക്കര്‍, റ്റി.സി ബാബുക്കുട്ടി, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ശാസ്ത്രജ്ഞര്‍ക്കുളള പുരസ്‌ക്കാരങ്ങള്‍ നേടിയ ഡോ. ഏബ്രഹാം വര്‍ഗീസ്, ഡോ. മനു കുരുവിള, ഐ.സി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മുംബൈ ഭദ്രാസനത്തിലെ സെന്റ് മേരീസ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി സ്വയംദാസ് എന്നിവരെയും അനുമോദിച്ചു. മുന്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പ്രൊഫ. വി.ഐ ജോസഫ്, പി.പി മാത്യൂ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സഭയുടെ ഓഡിറ്ററായി വര്‍ഗീസ് പോളിനെ നിയോഗിച്ചു. കോട്ടയം എം.ഡി കൊമേഴ്‌സ്യല്‍ സെന്റര്‍ 3-ാം നില, എം.ഡി വളപ്പില്‍ പണിയുന്ന ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെന്റര്‍ എന്നിവയുടെ പണി സംബന്ധിച്ചുളള റിപ്പോര്‍ട്ട് കണ്‍വീനര്‍ എ.കെ. ജോസഫ് അവതരിപ്പിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *