തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തു.

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തു. ഗുജറാത്തില്‍ നിന്നും ചെങ്ങന്നൂരിലേക്കുളള യാത്രാമദ്ധ്യേ എറണാകുളത്തുവെച്ചായിരുന്നു അന്ത്യം. ഭൗതികശരീരം എറണാകുളത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം വിലാപയാത്രയായി അദ്ദേഹത്തിന്റെ ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ എത്തിക്കും. ശനിയാഴ്ച്ച രാവിലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷം പുത്തന്‍കാവ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനായി ഭൗതിക ശരീരം എത്തിക്കും. ഞായറാഴ്ച്ച വി. കുര്‍ബ്ബാനക്കുശേഷം 12 മണിയോടെ ഓതറ ദയറായിലേക്ക് വിലാപയാത്രയായി ദൗതികശരീരം കൊണ്ടുപോകും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലീത്തമാരും വൈദീകരും സഹകാര്‍മ്മികരായിരിക്കും. കാലം ചെയ്ത തിരുമേനി ആഗ്രഹിച്ചിരുന്നത് പോലെ ഓതറ ദയറാ ചാപ്പലില്‍ ഓഗസ്റ്റ് 26 ഞായറാഴ്ച്ച 3 മണിക്ക് കബറടക്കം നടത്തും.പുത്തന്‍കാവില്‍ കിഴക്കേതലയ്ക്കല്‍ കുടുബാംഗമായ കെ.റ്റി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനായി 1938 ഏപ്രില്‍ 3-ാം തീയതി ജനിച്ചു. കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസിന്റെ (പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുടെ) ജ്യേഷ്ഠസഹോദരപുത്രനും കിഴക്കേതലയ്ക്കല്‍ തോമസ് കത്തനാരുടെ ചെറുമകനുമായിരുന്നു. പുത്തന്‍കാവിലും ആലപ്പുഴയിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോട്ടയം എം.റ്റി സെമിനാരി, സി.എം.എസ് കോളേജ്, എസ്.ബി കോളേജ് ചങ്ങനാശ്ശേരി, എന്‍.എസ്.എസ് കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. സെറാമ്പൂര്‍ കോളേജില്‍ നിന്നും വേദശാസ്ത്രത്തില്‍ ബിരുദവും, ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.1985 ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപീകരിച്ചത് മുതല്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചു. സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എം.ഡി സ്‌ക്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍, അഖില മലങ്കര ബാലസമാജം പ്രസിഡന്റ്, പ്രാര്‍ത്ഥനായോഗം പ്രസിഡന്റ്, അക്കൗണ്ട്‌സ് കമ്മിറ്റി പ്രസിഡന്റ്, ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആരാധനലായങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.പ്രകൃതിയോടുളള സ്‌നേഹവും കൃഷിയോടുളള താല്പര്യവും ആത്മീയതപോലെ പാവനമാണെന്ന് അദ്ദേഹം കരുതിയിരുന്നു. ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ മുഖപത്രമായ ബഥേല്‍ പത്രികയില്‍ ആത്മീയ വിഷയങ്ങള്‍ക്കൊപ്പം പ്രകൃതി-പരിസ്ഥിതി സംരക്ഷണത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.സഭാ-ഭരണഘടന അനുസരിച്ച് ചെങ്ങന്നൂര്‍ ഭദ്രാസന ഭരണം പരിശുദ്ധ കാതോലിക്കാ ബാവാ ഏറ്റെടുക്കുകയും സഹായ മെത്രാപ്പോലീത്തായായി ഡോ. മാത്യൂസ് മാര്‍ തീമോത്തിേയാസിനെ സഹായ മെത്രാപ്പോലീത്ത ആയി തുടരുവാന്‍ നിയമിക്കുകയും ചെയ്തു. ‘ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ കരുതുകയും സ്‌നേഹം നല്‍കുകയും വിദ്യാഭ്യാസ രംഗത്ത് സഭയ്ക്ക് മാര്‍ഗ്ഗദര്‍ശിയായിരിക്കുകയും ചെയ്ത ആത്മീയ പിതാവായിരുന്നു കാലം ചെയ്ത തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത’ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Comments

comments

Share This Post

Post Comment