മൗനം കൊണ്ടും മനനം കൊണ്ടും മധുരഭാഷണം കൊണ്ടും പരിശുദ്ധ സഭയെ വര്‍ണഭമാക്കിയ പുണ്യവാനാണ് മൈലപ്ര മാത്യൂസ് റമ്പാച്ചന്‍.

മൗനം കൊണ്ടും മനനം കൊണ്ടും മധുരഭാഷണം കൊണ്ടും പരിശുദ്ധ സഭയെ വര്‍ണഭമാക്കിയ പുണ്യവാനാണ് മൈലപ്ര മാത്യൂസ് റമ്പാച്ചന്‍. സാഹസികമായ ആത്മീയതയെ തിരഞ്ഞെടുത്ത് അതിലൂടെ കടഞ്ഞെടുത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മണലാരണ്യത്തിലും കാടുകളിലും ഒക്കെ പോയി പ്രാര്‍ത്ഥനാനിരതമായി ജീവിച്ച് ലോകത്തിനു അനുഗ്രഹങ്ങള്‍ കൈമാറുന്ന താപസന്മാര്‍ പരിശുദ്ധ സഭയുടെ ചരിത്രത്തില്‍ ഉണ്ട്. കടലിന്റെ അടിത്തട്ടില്‍ പോയി പവിഴവും മുത്തുകളും ശേഖരിക്കുന്നത് സാഹസികമായ ഒരു പ്രവര്‍ത്തിയാണ്. അതുപോലെ ആത്മീയതയുടെ ആഴകടലില്‍ പോയി മുത്തുകള്‍ ശേഖരിച്ച വ്യക്തിയാണ് മാത്യൂസ് റമ്പാച്ചന്‍. മണ്ണില്‍ ഒളിച്ചിരിക്കുന്ന നിധി സ്വായത്തമാക്കുവാന്‍ തനിക്കുള്ളതെല്ലാം വിറ്റ് ആ നിലം വാങ്ങിക്കുന്ന ബുദ്ധിമാനായ മനുഷ്യനെകുറിച്ച് സുവിശേഷത്തില്‍ ക്രിസ്തു പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ തനിക്കു പ്രാപിക്കാമായിരുന്ന എല്ലാ സുഖ സൗകര്യ പദവികളും ഉപേക്ഷിച്ച് മൗനവ്രത ജീവിതത്തിലൂടെ ആത്മീയതയുടെ അപാരമായ സാധ്യതകളിലേക്ക് എത്തി ചേര്‍ന്നു അദ്ദേഹം. ശരാശരിയുടെ ജീവിതക്രമത്തില്‍ അദ്ദേഹം നിന്നില്ല.സംസാരിക്കാന്‍ കൊടുത്തിരിക്കുന്ന നാവ് അദ്ദേഹം അടക്കി വച്ചു. അക്ഷരങ്ങളുടെ , വാക്കുകളുടെ കുറവു കൊണ്ടല്ല അദ്ദേഹം അങ്ങനെ ചെയ്തത്. വാക്കുകള്‍ക്കും ജീവിതത്തിനും കൂടുതല്‍ ആഴവും അര്‍ത്ഥവും കൈവരുത്തുന്നതിനു വേണ്ടിയായിരുന്നു. ഇന്ന് നാം കാണുന്നത് ഉപരിപ്‌ളവമായ ശബ്ദഘോഷങ്ങളുടെ ആത്മീയതയാണ്. എന്നാല്‍ മാത്യൂസ് റമ്പാച്ചന്‍ ഉയര്‍ത്തിയ ആത്മീയത കാറ്റിലും കോളിലും ചഞ്ചലപ്പെടാതെ ആഴത്തില്‍ നങ്കൂരമിട്ട ആത്മീയതയായിരുന്നു. തന്‍കാര്യ സാധ്യത്തിന് വേണ്ടിയുള്ള ആള്‍ ദൈവ സംസ്‌കാരം നാം കണ്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ മാത്യൂസ് റമ്പാച്ചന്‍ തന്റെ സാധനകളെയും സിദ്ധികളെയും രഹസ്യമാക്കി വെക്കാന്‍ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിന്റെ ധ്യാന പ്രാര്‍ത്ഥനകളില്‍ ആവര്‍ത്തിച്ച് പറഞ്ഞ ഒരു പ്രാര്‍ത്ഥനയാണ് ‘ദൈവമേ അങ്ങയുടെ ഒരു പടയാളിയാക്കി തീരക്കേണമേ’ എന്ന് തികഞ്ഞ ജാഗ്രത, തീഷ്ണമായ അച്ചടക്കം, സദാസന്നദ്ധത, ഇവയൊക്കെയാണ് പടയാളിയുടെ യോഗ്യതകള്‍ ഈ യോഗ്യതകളെ ഉള്‍ചേര്‍ത്തു നിര്‍ത്തി ദൈവത്തിന്റെ ഉത്തമ പടയാളിയായി മാത്യൂസ് റമ്പാച്ചന്‍ ജീവിച്ചു.
അപരന്റെ വേദന സ്വന്തം വേദനയായി കണ്ട ആചാര്യനായിരുന്നു അദ്ദേഹം. അപരന്റെ വേദനയില്‍ നിസംഗത പുലര്‍ത്തുന്നവരാണ് അധികവും. വേദനകള്‍ അവരുടെ വിധിയാണെന്നും നന്മക്കായുള്ള യോഗ്യത അവര്‍ക്കില്ലെന്നും , ജന്മം പാഴായെന്നും ഉള്ള വ്യര്‍ത്ഥ വാക്കുകളാല്‍ അപരന്റ വേദനയെ പലരും നിരാകരിക്കും. യഥാര്‍ത്ഥ ക്രിസ്തുഭക്തനായ റമ്പാച്ചന്‍ അപരന്റെ വേദനയെ സ്വന്ത വേദനയായി ഏറ്റെടുത്തു. ആത്മീയത സ്വന്തം ആത്മരക്ഷക്കല്ല റമ്പാച്ചന്‍ കണ്ടിരുന്നത്. അപരന്റെ വേദനയെ കുറയ്കാനാണ് റമ്പാച്ചന്‍ ആത്മീയനിഷ്ഠകള്‍ പാലിച്ചത്. ലോകത്തിന്റെ ഊഷരതയെ മലര്‍വാടിയാക്കാനുള്ള താല്പര്യം അദ്ദേഹത്തില്‍ അന്തര്‍ലീനമായിരുന്നു. വിദ്യയും അവിദ്യയും തമ്മിലുള്ള വ്യത്യാസം നന്നായി അറിയാമായിരുന്ന റമ്പാച്ചന്‍ ജനത്തിന് വിജ്ഞാനം പകരാന്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ക്രിസ്തുവിന്റെ സ്‌നേഹം ഉള്ളില്‍ നിറച്ചവര്‍ക്ക് മാത്രമേ സ്‌നേഹത്തിന്റെ അതുല്ല്യമായ നീര്‍ച്ചാല്‍ ഇതുപോലെ ലോകത്തിലേക്ക് ഒഴുക്കുവാന്‍ സാധിക്കു..

Comments

comments

Share This Post

Post Comment