ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം നവംബര്‍ 9 -ന്

ദുബായ്: സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബര്‍ 9 -ന് ദേവാലയ അങ്കണത്തില്‍ നടക്കും.

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, തുംബൈ ഗ്രൂപ്പ് ഫൗണ്ടര്‍ പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണ്‍ , മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു എന്നിവര്‍ മുഖ്യാതിഥികളാകും.

വൈകിട്ട് അഞ്ചിന് വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തില്‍ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് പൊതുസമ്മേളനം.

ഇടവകാംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ തനി നാടന്‍ വിഭവങ്ങളുടെ സ്റ്റാളുകള്‍, തട്ടുകടകള്‍, ഗൃഹാതുരത്വമുണര്‍ത്തുന്ന മാടക്കട , കുട്ടികള്‍ക്കുള്ള ഗെയിം സ്റ്റാളുകള്‍ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകര്‍ഷണങ്ങളാണ്.

പിന്നണി ഗായകര്‍ നജീം അര്‍ഷാദ്, പ്രീതി വാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, ഉല്ലാസ് പന്തളം നയിക്കുന്ന ചിരിയരങ്ങു, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

കൊയ്ത്തുത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം , സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാന്‍ സി. തോമസ്, സെക്രട്ടറി ബാബു വര്‍ഗീസ്, ജൂബിലി കണ്‍വീനര്‍മാരായ പി.കെ.ചാക്കോ, ജോസ് ജോണ്‍, കൊയ്ത്തുത്സവം ജനറല്‍ കണ്‍വീനര്‍ ജീന്‍ ജോഷ്വ , ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ബിജു ജോര്‍ജ്, എന്നിവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 04-337 11 22.

Comments

comments

Share This Post

Post Comment