ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന ഓര്‍മ്മയെ പുതുക്കുന്ന ക്രിസ്തുമസിന്റെ മുന്നോടിയായ 25 നോമ്പ് സമാഗതമായിരിക്കുന്നു. ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി ദൈവപുത്രന് അവതാരമെടുക്കുന്നു. രാജാധിരാജന് ജനിക്കുന്നത് രാജകൊട്ടാരത്തിലാണെന്നു കരുതിയവര്‍, ഒരു പാവം കന്യകയില്‍ നിന്ന് ജഡമെടുക്കുന്നത് കണ്ട് അത്ഭുത സ്തബ്ധരായി നില്ക്കുന്നു. അനേകായിരങ്ങള്‍ ആഗ്രഹിച്ച ആ മഹാഭാഗ്യം ലഭിച്ചത് എളിമയുടെയും വിനയത്തിന്റെയും മകുടോദാഹരണമായ കന്യകയ്ക്ക്. അസംഭവ്യമെന്ന് കരുതിയത് ദൈവഹിതമായാല്‍ സാധ്യമെന്ന് ലോകത്തോട് വിളിച്ചു പറയുന്ന മഹാസംഭവം. നമുക്കും യല്‍ദോ നോമ്പിനായി ഒരുങ്ങാം. അതിനായി നമ്മുടെ ജീവിതത്തെ പാകപെടുത്താം. ആത്മീയ ചൈതന്യം സ്വാംശീകരിക്കാം. ഡിസംബര്‍ 1 മുതല്‍ തെളിഞ്ഞ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങിയത് പോലെ നാടെങ്ങും നക്ഷത്രങ്ങള്‍ തെളിയും. നക്ഷത്രങ്ങള്‍ പ്രകാശം പകരുന്ന രാവുകള്‍ ഇനി ലോകരക്ഷകന്റെ വരവ് ലോകമെങ്ങും ആഘോഷിക്കും. തന്റെ ഏകജാതനായ പുത്രനെ ലോകത്തിന്റെ പാപപരിഹാരത്തിനായി അയച്ച പിതാവാം ദൈവത്തിന്റെ സ്നേഹം നാം ഈ വരും ദിവസങ്ങളില്‍ അനുഭവിക്കും. പുല്‍ക്കൂട്ടില്‍ പിറന്ന് പുത്രനാം ദൈവം എളിമയുടെ മാര്‍ഗം നമുക്ക് കാണിച്ചു തന്നു. ദേവാലയത്തിലെ പുല്‍ക്കൂട്ടിലോ, വീട്ടില്‍ ഒരുക്കിയിരിക്കുന്ന പുല്‍ക്കൂട്ടിലോ അല്ല യേശു ജനിക്കേണ്ടത്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാകുന്ന പുല്‍ക്കൂട്ടിലാണ് അവന് ജനിക്കേണ്ടത്. ഈ നോമ്പുകാലം വെറും മല്‍സ്യ- മാംസ വര്‍ജനം മാത്രമാകാതെ കൂടുതല്‍ പ്രാര്‍ത്ഥിക്കാനും ഉണ്ണിയേശുവിനു കടന്നു വരാന്‍ നമ്മുടെ ഹൃദയത്തില്‍ പുല്‍ക്കൂട് ഒരുക്കുവാന്‍ ഈ 25 ദിവസങ്ങളില്‍ കഴിയണം. പ്രകാശത്തിന്റെയും വിസ്മയത്തിന്റെയും ഉത്സവമായ ക്രിസ്തുമസിലേക്കു നാം നടന്നടുക്കുകയാണ്. പാപമായ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുവാന്‍ വേണ്ടിയാണു ലോകരക്ഷകന്റെ ജനനം. രക്ഷകനോട് ചേര്‍ന്ന് രക്ഷയുടെ അനുഭവം നമുക്ക് സ്വന്തമാക്കാം. തിരുപിറവിക്കായി മനസിനെയും ശരീരത്തെയും ഒരുപോലെ ഒരുക്കാം. പുല്‍ത്തൊഴുത്തിന്റെ എളിമയെ പുല്കിയ പുത്രനാം തമ്പുരാന്റെ വിനയം നമ്മില്‍ നിറയട്ടെ.