ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ സുവര്‍ണ്ണ ജൂബിലി സമാപനം ഡിസംബര്‍ 28-ന്


ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബര്‍ 28-ന് നടക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

1958-ല്‍ കേവലം നാലു കുടുംബങ്ങളായി ആരംഭിച്ച കൂട്ടായ്മ 1968-ല്‍ 35 അംഗങ്ങള്‍ ചേര്‍ന്ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് അസോസിയേഷന്‍ എന്ന പേരില്‍ കോണ്‍ഗ്രിഗേഷനായി രൂപാന്തരപ്പെട്ടു. ഫാ. കെ.കെ.പുന്നൂസ് ( പില്‍ക്കാലത്തു കല്‍ക്കട്ട ഭദ്രാസനാധിപനായ സ്‌തേഫനോസ് മാര്‍ തേവദോസിയോസ് മെത്രാപ്പാലീത്താ) ആയിരുന്നു ആദ്യ വികാരി.

1969 -ല്‍ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പാലീത്താ (പില്‍ക്കാലത്തു പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ) അന്നത്തെ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തുമുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച് ഇടവകയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ കാല്‍വയ്പായിരുന്നു.

1972 മെയ് മാസത്തില്‍ അന്നത്തെ ബാഹ്യ കേരള ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പാലീത്താ (പില്‍ക്കാലത്തു പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ) ദുബായ് ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അന്നത്തെ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തും ദേവാലയം നിര്‍മ്മിക്കാന്‍ സബീല്‍ ഈസ്റ്റില്‍ 68000 ചതുരശ്ര അടി സ്ഥലം സൗജന്യമായി നല്‍കി.

1974 ജൂണ്‍ 20-ന് ഫാ.എം.വി. ജോര്‍ജ് ( പില്‍ക്കാലത്തു ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പാലീത്താ) ദേവാലയത്തിനു ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

1976 ഡിസംബര്‍ 31-നു ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ പള്ളിയുടെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു.
ഷാര്‍ജയില്‍ താമസമാക്കിയ വിശ്വാസികളുടെ സൗകര്യാര്‍ത്ഥം 1975 മുതല്‍ മാസത്തില്‍ ഒരിക്കല്‍ അവിടെ വിശുദ്ധ കുര്‍ബ്ബാന ആരംഭിച്ചു.

1978 ജനുവരി 13-ന് അന്നത്തെ ഇടവക മെത്രാപ്പോലീത്ത ഷാര്‍ജ യെ പ്രത്യേക ഇടവകയായി പ്രഖ്യാപിച്ചു.

1983 മെയ് മാസത്തില്‍ സെന്റ് തോമസ് ഹാള്‍ എന്ന പേരില്‍ ഓഡിറ്റോറിയം പണി പൂര്‍ത്തിയാക്കി കൂദാശ നടത്തി. ഡോ . പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു.

1985-നു ഡോ . പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് പള്ളിയുടെ മദ്ബഹയില്‍ പ്രതിഷ്ഠിച്ചു.

1991 ജൂലൈ 5-ന് നിലവിലുള്ള ദേവാലയം പുതുക്കി പണിയുവാന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

1992 ജൂണ്‍ 12-ന് പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിച്ചു.

1993 ഒക്ടോബര്‍ മാസത്തില്‍ ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു.

1998-ല്‍ ഇടവക പണി കഴിപ്പിച്ച ഓഫീസ് സമുച്ചയത്തിന്റെ കൂദാശ കര്‍മ്മം പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.

2003 ഒക്ടോബറില്‍ ഇടവകയെ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മഹാ ഇടവകയായി പ്രഖ്യാപിച്ചു.

2006 ഡിസംബര്‍ 22-ന് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ ഇടവകയെ കത്തീഡ്രലായി ഉയര്‍ത്തി.

2008 ജനുവരി മാസത്തില്‍ ഇടവകയുടെ ഭാഗമായിരുന്ന ജബല്‍ അലി കോണ്‍ഗ്രിഗേഷനെ ഇടവകയായി പ്രഖ്യാപിച്ചു.

2012 ജനുവരി മാസത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സ്ഥാപനത്തിന്റെ 1960- വാര്‍ഷികവും കാതോലിക്കാ സിംഹാസനത്തിന്റെ പുനഃ സ്ഥാപനത്തിന്റെ ശതാബ്ദിയും ഇടവകയില്‍ സമുചിതമായി ആഘോഷിച്ചു.

2013 നവംബര്‍ 22 -ന് ഇടവക പണി പൂര്‍ത്തിയാക്കി ബഹുനില കെട്ടിട സമുച്ചയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു.
ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ദേവാലയം, റാസല്‍ ഖൈമ സെന്റ് മേരീസ് ദേവാലയം, ഫുജൈറ സെന്റ് ഗ്രിഗോറിയോസ്,ജബല്‍ അലി സെന്റ് ഗ്രീഗോറിയോസ് എന്നീ ഇടവകകളുടെ മാതൃ ഇടവകയാണ് ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍.

നിലവില്‍ ഇടവകയില്‍ 3000 കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്.

ദുബായുടെ വളര്‍ച്ചയോടൊപ്പം ഭരണ നേതൃത്വത്തിന് വിധേയമായി പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുവാന്‍ ഇടവകക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 28 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന.

ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ് മെത്രപ്പോലീത്താ, തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രപ്പോലീത്താ എന്നിവര്‍ സഹ കാര്‍മ്മികരാകും.

വൈകിട്ട് 4.30-ന് ഇടവകയിലെ അദ്ധ്യാത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറും.
വൈകിട്ട് 6-ന് വിശിഷ്ടാതിഥികളെ മുഖ്യ കവാടത്തില്‍ സ്വീകരിക്കും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ് മെത്രപ്പോലീത്താ, തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രപ്പോലീത്താ, സുരേഷ് ഗോപി എം.പി, ഇന്നസെന്റ് എം.പി., മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റീ ഫാ. എം.ഓ. ജോണ്‍,മുന്‍ വികാരി ഫാ. ഷാജി മാത്യൂസ് എന്നിവര്‍ ആശംസകള്‍ നേരും.

പത്മശ്രീ സണ്ണി വര്‍ക്കിയെ ചടങ്ങില്‍ ആദരിക്കും.

പൊതു സമ്മേളനത്തിന് ശേഷം പ്രശസ്ത ഗായകന്‍ കെസ്റ്റര്‍ നേതൃത്വം നല്‍കുന്ന ക്രിസ്തീയ ഗാന സന്ധ്യ തുടര്‍ന്ന് സ്‌നേഹ വിരുന്ന്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്,, ഇടവക ട്രസ്റ്റീ ചെറിയാന്‍ സി. തോമസ് , സെക്രട്ടറി സാബു വര്‍ഗീസ്, ജൂബിലി കണ്‍വീനര്‍മാരായ ജോസ് ജോണ്‍, പി.കെ. ചാക്കോ എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment