ശാശ്വത സമാധാനത്തിനുളള സാഹചര്യം തിരിച്ചറിയണം: പരിശുദ്ധ കാതോലിക്കാ ബാവാ


ബഹു. സുപ്രീംകോടതിയുള്‍പ്പെടെയുളള നീതിന്യായക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളുടെ അന്ത:സത്ത തിരിച്ചറിഞ്ഞ് ശാശ്വത സമാധാനം സ്ഥാപിക്കുവാന്‍ ഏവരും ശ്രമിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. തൃശ്ശൂര്‍ ചാലിശ്ശേരി പളളി സംബന്ധിച്ച്ഉണ്ടായ സുപ്രീംകോടതി വിധിപോലും ഈ ലക്ഷ്യത്തിലേക്ക് സഭയെ നയിക്കണം. സമാന്തര ഭരണ സംവിധാനങ്ങള്‍ നിലനിറുത്തുവാനും നിയമനടപടികള്‍ ആവുന്നത്ര താമസിപ്പിക്കുവാനുമായി ഏതു തന്ത്രവും സ്വീകരിക്കുന്ന സമീപനം ജനാധിപത്യത്തിന്റെ അന്ത:സത്തയെത്തന്നെ ചോദ്യം ചെയ്യുന്നവയാണ്. ബഹു. സുപ്രീംകോടതിയിലൂള്‍പ്പെടെ ഉന്നയിക്കപ്പെട്ട് തീര്‍പ്പാക്കപ്പെട്ടിട്ടുളള വാദമുഖങ്ങള്‍ വീണ്ടും ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയല്ല, കോടതിവിധി പൂര്‍ണ്ണമായി പാലിക്കുകയാണ് ആവശ്യം. കോതമംഗലം പളളിക്കേസില്‍ പാത്രിയര്‍ക്കീസ് വിഭാഗം സ്വീകരിച്ച നിലപാടുകള്‍ പിഴശിക്ഷ വിളിച്ചുവരുത്തുവാന്‍ ഇടയാക്കി. തൃശ്ശൂര്‍ ഭദ്രാസനത്തിലെ മാന്ദാമംഗലം പളളിയിലൂണ്ടായ സംഭവങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമാണ്. കോടതിവിധിയുടെ പിന്‍ബലത്തോടെ പളളിയില്‍ പ്രവേശിക്കുവാനെത്തിയ യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്തായും വൈദീകരും വിശ്വാസികളും പുറത്തിരിക്കേണ്ടി വന്നു, മാത്രമല്ല അത്യന്തം ഹീനമായ വിധത്തില്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട പോലീസ് സംവിധാനം പോലും നിഷ്‌ക്രിയമായി നിലകൊണ്ടത് മൂലമാണ് പ്രശ്‌നങ്ങള്‍ അതീവ രൂക്ഷമായത്. മാന്ദാമംഗലം സംഭവത്തില്‍ പോലീസിന്റെ സമീപനത്തോടുളള സഭയുടെ ശക്തമായ പ്രതിഷേധമറിയിക്കുന്നു. നീതിന്യായ കോടതികളെ തുടര്‍ച്ചയായി സമീപിക്കുകയും, വിധികള്‍ തങ്ങള്‍ക്ക് എതിരാകുന്ന പക്ഷം അക്രമത്തിന്റെയും, ഗൂഢതന്ത്രങ്ങളുടെയും മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്ന സമീപനം അത്യന്തം അപകടകരമാണ്. കൈയൂക്ക് കൊണ്ടോ പണക്കൊഴുപ്പുകൊണ്ടോ കാര്യം നേടുവാന്‍ ആകില്ല എന്ന ശക്തമായ താക്കീതുപോലും സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കുന്നതിന് ബഹു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സഭ ഒന്നായിത്തീരുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് പാത്രിയര്‍ക്കീസ് വിഭാഗം തിരിച്ചറിഞ്ഞ് അതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Comments

comments

Share This Post

Post Comment