ചര്‍ച്ച് ആക്ട് കരടു രൂപത്തോട് താത്വികമായ വിയോജിപ്പ് : ഓര്‍ത്തഡോക്‌സ് സഭ


കേരള ഗവണ്‍മെന്റ് നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ചര്‍ച്ച് ആക്ടിന്റെ കരടു രൂപത്തോട് ചില കാര്യങ്ങളില്‍ താത്വികമായ വിയോജിപ്പുള്ളതായി ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവിച്ചു. കേരളത്തിലെ ക്രിസ്തീയസഭകളുടെയും, മറ്റു ആത്മീക സംഘടനകളുടെയും പ്രവൃത്തനങ്ങളില്‍ മതിപ്പില്ലാത്തതിനാലാണോ ഗവണ്‍മെന്റ് മറ്റു സംസ്ഥാനങ്ങളില്‍ നിലവിലില്ലാത്ത ഈ പുതിയ സംരംഭത്തിന് നീക്കം നടത്തുന്നത് എന്ന് സംശയിക്കുന്നു. ഓരോവര്‍ഷവും പള്ളികളുടെയും സഭയുടെയും കണക്കുകള്‍ ഓഡിറ്റ് ചെയ്ത് പരിശോധനയ്ക്ക് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നല്ലതുതന്നെയാണ്. ആദായനികുതി ഡിപ്പാര്‍ട്ടുമെന്റ് ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്. ഓര്‍ത്തഡോക്‌സ് സഭ ഇക്കാര്യം കൃത്യമായി പാലിക്കുന്നുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പൊതു നീതിന്യായ വ്യവസ്ഥയ്ക്കു പുറത്ത് സഭകളുടെയും, ഇടവകകളുടെയും തര്‍ക്കം പരിഹരിക്കാന്‍ സര്‍വാധികാരവുമുള്ള ഒരു ട്രിബ്യൂണലിനെ നിയമിക്കുക എന്ന ആശയത്തോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. തര്‍ക്കപരിഹാര സംവിധാനങ്ങളെല്ലാം തന്നെ രാജ്യത്തിന്റെ പൊതു നീതിന്യായ വ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ടിരിക്കണം. അവയുടെ തീരുമാനങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനുള്ള അവസരം ലഭിക്കണം. ഇന്ത്യന്‍ സുപ്രീംകോടതിയുടെ വിധികള്‍ മാത്രമേ രാജ്യത്തെ നിയമമായി ബഹുമാനിക്കപ്പെടുന്നുള്ളു. ഒരു പ്രാദേശിക ഫോറങ്ങള്‍ക്ക് ആ സ്ഥാനം നല്‍കുന്നത് അപകടകരമായിരിക്കും. ഇന്‍ഡ്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അവകാശങ്ങളുടെമേല്‍ കൈകടത്താനാണ് ചര്‍ച്ച് ആക്ട് ലക്ഷ്യമിടുന്നത് എങ്കില്‍ സഭ അതിനെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും.

Comments

comments

Share This Post

Post Comment