കട്ടച്ചിറ, വരിക്കോലി പളളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം: കേരള ഹൈക്കോടതി


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കട്ടച്ചിറ സെന്റ് മേരീസ്, വരിക്കോലി സെന്റ് മേരീസ് പളളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുവാന്‍ കേരള ഹൈക്കോടതി ഉത്തരവായിരിക്കുന്നു. 1934ലെ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ടിരിക്കുന്ന കട്ടച്ചിറ പളളി വികാരി ഫാ. ജോണ്‍സ് ഈപ്പന് മാത്രമെ പളളിയിലും സെമിത്തേരിയിലും വി. കുര്‍ബ്ബാനയും മറ്റ് ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുവാന്‍ അവകാശമുളളൂ. ഇടവക വികാരിക്ക് തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവായി. വരിക്കോലി പളളിയില്‍ ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വികാരിതന്നെയാണ് ശുശ്രൂഷകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാല്‍ എപ്പോഴെങ്കിലും നിയമലംഘനമുണ്ടാവുകയും വികാരിക്ക് ശുശ്രൂഷകള്‍ നടത്തുന്നതിന് തടസ്സമുണ്ടാവുകയും ചെയ്താല്‍ അവിടെയും പൊലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ രണ്ട് പളളികളിലും ശവസംസ്‌ക്കാര ശുശ്രൂഷകള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വികാരിതന്നെ നടത്തിക്കൊടുക്കേണ്ടതാണെന്നും എന്നാല്‍ എതിര്‍കക്ഷിക്ക് സെമിത്തേരിയില്‍ പ്രവേശിച്ച് അവിടെ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും വൈദീകര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ലായെന്നും കോടതി വിധിച്ചു. ഇതോടെ ഈ രണ്ട് പളളികളുടെയും ഭരണം ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ലെ ഭരണഘടന അനുസരിച്ച് നടത്തപ്പെടുന്നതിനും 2017 ജൂലൈ 3 ലെ വിധിയും അനുബന്ധ വിധികളും നടപ്പില്‍ വരുത്തുന്നതിനുളള സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കോടതിവിധികള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാരിന് നിയമപരമായ ബാദ്ധ്യതയുണ്ടെന്നും അത് നിറവേറ്റാന്‍ അധികാരികള്‍ സത്വരനടപടികള്‍ സ്വീകരിക്കയാണ് വേണ്ടത് എന്നും നീതി നിഷേധം അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു. കോടതിവിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുവാനുളള തല്പരകക്ഷികളുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Comments

comments

Share This Post

Post Comment