ഒ.വി.ബി.എസ്. 2019 സി.ഡി. പ്രകാശനം ചെയ്തു.


മധ്യവേനല്‍ അവധിക്കാലത്തു നടത്തുന്ന ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകളുടെ (ഒ.വി.ബി.എസ്.) 2019 ലെ സിഡി ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണിനു നല്‍കി പ്രകാശനം ചെയ്തു. പഠനസാമഗ്രികള്‍ അടങ്ങുന്ന കിറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ഏറ്റുവാങ്ങി. ഡയറക്ടര്‍ ജനറല്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, പബ്ലിക്കേഷന്‍ ഓഫീസര്‍ ഡോ. ചെറിയാന്‍ തോമസ്, ഒ.വി.ബി.എസ്. ഡയറക്ടര്‍ ഫാ. മാത്യു കോശി, ജനറല്‍ സെക്രട്ടറി ഡോ. ഐപ്പ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പൗരസ്ത്യ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്റെ കീഴിലാണ് ഒ.വി.ബി.എസ്. പ്രവര്‍ത്തിക്കുന്നത്. മധ്യവേനല്‍ അവധിക്കാലത്ത് എട്ട് ദിവസങ്ങളായിട്ടാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
വേദപുസ്തകാധിഷ്ഠിതമായ പരിശീലന പരിപാടികളിലൂടെ കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുകയും സാമൂഹിക തിന്മകള്‍ക്കെതിരെ ക്രിയാത്മകമായി ഇടപെടുകയും വ്യക്തിത്വ വികസനത്തില്‍ സഹായിച്ച്, ഉത്തരവാദിത്വമുള്ള പൗരന്മാരായിത്തീരുകയും ചെയ്യുന്നതിനു കുട്ടികളെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പാഠ്യപദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിലും പുറത്തുമായി ഏകദേശം ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കുന്നു. പദ്ധതിയുടെ ഭാഗമായി കേന്ദ്രതലത്തിലും വിവിധ ഭദ്രാസനങ്ങളിലും പരിശീലന പരിപാടികള്‍ നടന്നുവരുന്നു.
മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഹീബ്രു, സുറിയാനി എന്നീ ഭാഷാ ഗാനങ്ങളും ഈ സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഗാനങ്ങളുടെ കരോക്കെ കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ഈ സിഡിയിലുണ്ട്. കൂടാതെ സണ്‍ഡേസ്‌കൂള്‍ സഹപാഠ്യമത്സരങ്ങള്‍ക്കുള്ള ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുട്ടികള്‍തന്നെ വരയ്ക്കുന്ന മുഖചിത്രങ്ങളോടുകൂടിയ സിഡിയും പാഠപുസ്തകങ്ങളും കുട്ടികള്‍തന്നെ പാടുന്ന പാട്ടുകളും ഇതിന്റെ പ്രത്യേകതയാണ്. ഏപ്രില്‍ ഒന്നു മുതലാണ്, വിവിധ ദേവാലയങ്ങളില്‍വെച്ചു ഒ.വി.ബി.എസ്. നടക്കുന്നത്. കോട്ടയം ദേവലോകത്തുള്ള സണ്‍ഡേസ്‌കൂള്‍ കേന്ദ്ര ഓഫീസിലും ഭദ്രാസന ബുക്ക് ഡിപ്പോകളിലും സിഡി ലഭ്യമാണെന്ന് ഒ.വി.ബി.എസ്, ഡയറക്ടര്‍ ഫാ. മാത്യൂകോശി അറിയിച്ചു.

Comments

comments

Share This Post

Post Comment