ഹിതപരിശോധന നടത്തി പള്ളികള്‍ വിഭജിക്കണമെന്ന യാക്കോബായ നിലപാട് നിര്‍ഭാഗ്യകരം – ഓര്‍ത്തഡോക്സ് സഭ

കേസുകളുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തി പള്ളികള്‍ വിഭജിക്കണമെന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണ് ഭൂരിപക്ഷമനുസരിച്ച് ആര്‍ക്കും പള്ളികളോ സ്ഥാപനങ്ങളോ കൈക്കലാക്കുവാനോ വീതം വയ്ക്കുവാനോ സാധ്യമല്ല എന്ന് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചു കഴിഞ്ഞു. ഹിതപരിശോധനയിലൂടെ തീര്‍പ്പുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീണ്ടും, വീണ്ടും കേസുകള്‍ കൊടുക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. കോടതിവിധികള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍, 1958ലും, 1995ലും, 2017ലും പരമോന്നത നീതിപീഠം തീര്‍പ്പുകല്‍പ്പിച്ചു കഴിഞ്ഞ പല കാര്യങ്ങളും വീണ്ടും തര്‍ക്കത്തിനായി ഉയര്‍ത്തിക്കൊണ്ടുവന്ന് പുതിയ കേസുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യവും വ്യക്തമല്ല. 1934 ലെ ഭരണഘടന ബഹു.സുപ്രീംകോടതി പൂര്‍ണ്ണമായും അംഗീകരിച്ചു കഴിഞ്ഞതാണ്. അതിന്റെ സാധുത വീണ്ടും ചോദ്യംചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ട് ഒരു നേട്ടവും ഉണ്ടാവുകയില്ല. പൂര്‍ണ്ണമായും ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണം എന്ന് സുപ്രീംകോടതി കണ്ടെത്തിക്കഴിഞ്ഞ 1064 പള്ളികളില്‍ കുറെപള്ളികള്‍ തങ്ങളുടേതാണെന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വാദം അനുചിതമാണ്. സമാധാനത്തിനും ഐക്യത്തിനും തങ്ങള്‍ തയ്യാറല്ല എന്ന അവരുടെ നിലപാടും ഖേദകരമാണ്. കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ശാശ്വത സമാധാനവും, എക്യവുമാണ് ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്. കോടതിവിധി മാനിച്ച് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഫലപ്രദമായ അനുരഞ്ജനമാണ് ഉണ്ടാകേണ്ടത് എന്ന സര്‍ക്കാര്‍ നിലപാട് സഭ സ്വാഗതം ചെയ്യുന്നു.

Comments

comments

Share This Post

Post Comment