കുടുംബ നവീകരണം സമൂഹ നവീകരണത്തിന് അടിസ്ഥാനം : ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത


റാന്നി : പ്രാര്‍ത്ഥനയിലും തിരുവചന ധ്യാനത്തിലും കൂടി ലഭ്യമാകുന്ന കുടുംബ നവീകരണം, വ്യക്തി ജീവിതത്തിനു പ്രത്യാശയും സമൂഹത്തിനു നന്മയും പ്രദാനം ചെയ്യുമെന്ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെയും സുവിശേഷസംഘത്തിന്റെയും 8-ാമത് സംയുക്ത വാര്‍ഷികവും കാതോലിക്കാദിനാഘോഷവും അയിരൂര്‍, മതാപ്പാറ സെന്റ് തോമസ് വലിയപളളിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. ഭദ്രാസനത്തിലെ അഞ്ച് ഡിസ്ട്രിക്ടുകളില്‍ നിന്നുമായി അഞ്ഞൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിനു പ്രാരംഭമായി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും വന്നെത്തിയ ബഹു.വൈദികരും വിശ്വാസികളും ഭദ്രാസനത്തില്‍ നിന്നുളള സഭാ മാനേജിംഗ് കമ്മറ്റിയംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ദേവാലയത്തില്‍ നിന്നും കാതോലിക്കേറ്റ് പതാകകളും മുത്തുക്കുടകളും ഏന്തി ഘോഷയാത്രയായി സമ്മേളന വേദിയിലേക്ക് അഭിവന്ദ്യ തിരുമേനിയെ സ്വീകരിച്ചാനയിച്ചു. കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട് മുഖ്യസന്ദേശം നല്‍കി. അഖില മലങ്കര പ്രാര്‍ത്ഥനായോഗം ജനറല്‍ സെക്രട്ടറി റവ.ഫാ.ജോണ്‍ വര്‍ഗീസ് കൂടാരത്തില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം റവ.ഫാ.സൈമണ്‍ വര്‍ഗീസ്, പ്രാര്‍ത്ഥനായോഗം ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.ജോണ്‍ സാമുവേല്‍, സുവിശേഷസംഘം ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.വറുഗീസ് ഫിലിപ്പ്, ഇടവക വികാരി റവ.ഫാ.സോബിന്‍ സാമുവേല്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ.കെ.എ.എബ്രഹാം, കുമാരി ആഷ്‌ന അന്ന വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുമാരി നേഹ ആന്‍ വര്‍ഗീസ് ഗാനം ആലപിച്ചു. പ്രാര്‍ത്ഥനായോഗം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീ.എ.വി.ജോസ്, സുവിശേഷസംഘം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീ.കെ.സി.മാത്യു എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ആയി നിയമിതനായ റവ.ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ടിനും പ്രാര്‍ത്ഥനായോഗത്തിന്റെയും സുവിശേഷസംഘത്തിന്റെയും ചുമതല ഒഴിഞ്ഞ റവ.ഫാ.എബി വര്‍ഗീസ്, റവ.ഫാ.ഗീവര്‍ഗീസ് തോമസ്, ശ്രീ.എം.ഇ.ഈശോ, ശ്രീ.റ്റി.ജി.വര്‍ഗീസ്, ശ്രീ.മാത്യു സ്‌കറിയ എന്നിവര്‍ക്കും പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് അഖില മലങ്കര യുവജനപ്രസ്ഥാനം നടത്തിയ പ്രഥമ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സ്വര്‍ണ്ണ മെഡല്‍ ജേതാവായ കുമാരി ആഷ്‌ന അന്ന വര്‍ഗീസിനും മൊമെന്റോ സമര്‍പ്പിക്കുകയും ചെയ്തു.

Comments

comments

Share This Post

Post Comment