ഭിന്നത നിലനിര്‍ത്തുവാനുള്ള ശ്രമം അപലപനീയം – ഓര്‍ത്തഡോക്‌സ് സഭ


സഭാതര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും 2017 ജൂലൈ 3 ലെ സുപ്രീംകോടതിവിധി   (കോലഞ്ചേരി പള്ളിയുടെ വിധി) ബാധകമാണെന്നും, ആ വിധിയില്‍ തീര്‍പ്പാക്കിയ ഒരുവിഷയവും ഒരു   കോടതിയും വീണ്ടും പരിഗണിക്കരുത് എന്നും അര്‍ത്ഥശങ്കയ്ക്കിടനല്‍കാതെ രാജ്യത്തിന്റെ പരമോന്നത കോടതി പറഞ്ഞുകഴിഞ്ഞിട്ടും വീണ്ടും ഭിന്നത നിലനിര്‍ത്താന്‍ ബോധപൂര്‍വ്വം പ്രസ്താവനകള്‍ നടത്തുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിലപാട്  അപലപനീയമാണ്. കണ്യാട്ടുനിരപ്പ് സെ. ജോണ്‍സ് പള്ളിയുടെ കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ പരമാര്‍ശം നടത്തിയത് എന്നതുകൊണ്ട് ആ കേസിലെ കക്ഷികള്‍ക്കുമാത്രമേ ഈ വിധി ബാധകമാകുന്നുള്ളു എന്ന വ്യാഖ്യാനം സത്യവിരുദ്ധമാണ്. ആ കേസില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ പ്രതിനിധീകരിച്ചോ, മെത്രാപ്പോലീത്തന്മാരെ പ്രതിനിധീകരിച്ചോ ആരും ഹാജരായിരുന്നില്ല എന്നതുകൊണ്ട് അവര്‍ക്കാര്‍ക്കും ആ വിധി ബാധമാകില്ല എന്ന നിഗമനം നിയമപരമായി നിലനില്‍ക്കില്ല. നിയമപരമായി യാതൊരു പിന്തുണയും പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിലപാടുകള്‍ക്ക് ലഭിക്കുകയില്ല എന്ന് വ്യക്തമായിക്കഴിഞ്ഞിട്ടും ജനത്തെ തെറ്റിധരിപ്പിക്കുവാനാണ് പാത്രിയര്‍ക്കീസ് വിഭാഗം ശ്രമിക്കുന്നത്. പ്രശ്‌നം കോടതിവഴിയല്ല പരിഹരിക്കേണ്ടത് എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ പുതിയ കേസുകളും അപ്പീലുകളും നല്‍കുന്നതിന്റെ ഉദ്ദേശ്യവും മനസിലാകുന്നില്ല. ചില സാഹചര്യങ്ങളില്‍ 1934 ലെ ഭരണഘടന അംഗീകരിക്കുന്നു എന്നും, ചിലപ്പോള്‍ അതിനോട് ഒട്ടും യോജിക്കാനാവില്ലെന്നും, സാഹചര്യത്തിനനുസരിച്ച് അഭിപ്രായം മാറ്റിപറയുന്നത്                   ദുരുദ്ദേശ്യപരമായി മാത്രമേ കാണാനാവൂ. എന്നാല്‍ ജനങ്ങള്‍ സത്യം മനസിലാക്കി സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലപാടെടുത്താല്‍ ഈ തര്‍ക്കം അവസാനിക്കും. ഓര്‍ത്തഡോക്‌സ് സഭ  ആഗ്രഹിക്കുന്നത് ഐക്യവും,ശാശ്വത സമാധാനവുമാണ്. വിശ്വാസികളെ പള്ളിയില്‍ നിന്നും, സെമിത്തേരിയില്‍ നിന്നും പുറത്താക്കണമെന്ന് സഭ ആഗ്രഹിക്കുന്നില്ല. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പൊള്ളയായ പ്രസ്താവനകളില്‍ വിശ്വാസമര്‍പ്പിക്കാതെ സത്യം മനസിലാക്കി എല്ലാവരും ഐക്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ശാശ്വതമായ പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗം.

Comments

comments

Share This Post

Post Comment