മേപ്രാല്‍ പള്ളിയില്‍ നീതിനിഷേധം അവസാനിപ്പിക്കണം


മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരായി നീതിനിഷേധം തുടരുന്നത് അതീവ ദുഃഖകരമാണെന്ന് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചുപാര്‍ലമെന്റെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോടതിവിധികള്‍ നടപ്പാക്കുന്നതിന് സാവകാശം നല്‍കണമെന്ന അധികൃതരുടെ അപേക്ഷ മാനിച്ച് ഇത്രയും നാള്‍ സഭ ആത്മസംയമനം പാലിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ താമസംവിനാ മലങ്കരസഭയ്ക്കനുകൂലമായി ലഭിക്കുന്ന കോടതിവിധികള്‍ നടപ്പാക്കിത്തരുവാനുള്ള ബാദ്ധ്യത സര്‍ക്കാരിനും അധികാരികള്‍ക്കുമുണ്ട്.മേപ്രാല്‍ സെ. ജോണ്‍സ് പള്ളി 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും, അവിടെ 2002 ലെ ഭരണഘടനയ്ക്ക് പ്രാബല്യമില്ലെന്നും തിരുവല്ലാ മുന്‍സിഫ് കോടതി വിധിച്ചിട്ട് ഒരു മാസത്തോളമായി. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദികസ്ഥാനികള്‍ക്ക് ആ പള്ളിയില്‍ ആരാധന നടത്തുവാന്‍ അവകാശമില്ലെന്നും, ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരെയും ആളുകളെയും തടയരുതെന്നുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഒരു കേസും കീഴ്‌ക്കോടതികള്‍ പരിഗണിക്കരുത് എന്ന് സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍ അപ്പീലുകള്‍ നല്കാനുള്ള സാധ്യതപോലും പാത്രിയര്‍ക്കീസ് വിഭാഗത്തിന് നഷ്ടമായിരിക്കുന്നു. ഒരുതരത്തിലുള്ള സമാന്തരഭരണവും അനുവദനീയമല്ല എന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നതിനാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയനുസരിച്ച് കാര്യങ്ങള്‍ നടത്തുവാനുള്ള ക്രമീകരണമുണ്ടാക്കുക എന്നതുമാത്രമാണ് അവശേഷിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണക്രമവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള വിശ്വാസികളെ ആരെയും പുറംതള്ളുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Share This Post

Post Comment