കോടതി വിധിയും 1934 ഭരണഘടനയും അടിസ്ഥാനമാക്കി മാത്രം ശാശ്വതസമാധാനം – അഡ്വ.ബിജു ഉമ്മന്‍


സുപ്രീംകോടതി വിധികളുടേയും അതനുസരിച്ച് സഭയ്ക്കു മുഴുവന്‍ ബാധകമായ 1934 സഭാ ഭരണഘടനയുടേയും അടിസ്ഥാനത്തില്‍ ശാശ്വത സമാധാനത്തിനു വേണ്ടിയാണ് മലങ്കര സഭ എന്നും നിലകൊളളുന്നത് എന്ന് അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍പ്രസ്താവിച്ചു.  കോടതിയില്‍ക്കൂടി പ്രശ്‌നം പരിഹരിക്കാനാവില്ല എന്നു പറയുന്നവര്‍ ചിന്തിക്കണം, ഈ പ്രശ്‌നം സംബന്ധിച്ച് കോടതിപറയുന്നതെന്തും അംഗീകരിച്ചുകൊള്ളാമെന്ന് സുപ്രീം കോടതിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം തന്നെ പറഞ്ഞിട്ടുള്ളതാണ്. വിധി അനുകൂലമെങ്കില്‍ അനുസരിക്കുമെന്നും, പ്രതികൂലമെങ്കില്‍ എതിര്‍ക്കുമെന്നുമുള്ള നിലപാട് പ്രാകൃതമാണ്. 1958 ല്‍ സമാധാനം പുന:സ്ഥാപിക്കപ്പെട്ടത് ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിലാണ്. ആ സമാധാനം പോലും ഏകപക്ഷീയമായി ലംഘിക്കപ്പെടുകയായിരുന്നല്ലോ. സഭാതര്‍ക്കത്തില്‍ കോടതിവിധി അനുസരിക്കുവാന്‍ ഇരുവിഭാഗവും ബാദ്ധ്യസ്ഥരാണ്.  പുതിയപള്ളികളും സ്ഥാപനങ്ങളും നിര്‍മ്മിച്ചുകൊണ്ട് വിശ്വാസം പുലര്‍ത്തണമെന്ന പാത്രിയര്‍ക്കീസിന്റെ ആഹ്വാനത്തിന്റെ അര്‍ത്ഥം അന്തിമമായി സഭ വേര്‍പിരിയണമെന്നാണ്. അത് സമാധാനത്തിനുള്ള ആഹ്വാനമല്ല, വിഘടനത്തിനുള്ള വിളിയാണ്. തുറന്നിട്ടിരിക്കുന്നു എന്നു അദ്ദേഹം പറഞ്ഞ വാതില്‍ അദ്ദേഹം തന്നെ കൊട്ടി അടച്ചിരിക്കുന്നു. കോടതി വിധികള്‍ അനുസരിക്കുവാനും, കലാപങ്ങളും ബലപ്രയോഗങ്ങളും അവസാനിപ്പിക്കുവാനും, നിയമവിധേയ സമൂഹമായി മാറുവാനുമാണ് തന്റെ കക്ഷിയില്‍ പെട്ടവരെ പരി. പാത്രിയര്‍ക്കീസ് ബാവാ ഉപദേശിക്കേണ്ടത്. ഇന്ത്യയില്‍ ബലപ്രയോഗത്തിലൂടെ നിരന്തരമായി നിയമലംഘനം നടത്തുന്നത് അധികകാലം തുടരാനാവില്ലന്നത് പരി. പാത്രിയര്‍ക്കീസ് ബാവാ മനസിലാക്കണം.

Comments

comments

Share This Post

Post Comment