തേനിടുക്ക് പള്ളികേസ് – ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതിവിധി അരക്കിട്ടുറപ്പിക്കുന്നതെന്ന് ഓര്‍ത്തഡോക്സ് സഭ

2017 ജൂലൈ 3 ലെ മലങ്കര സഭാ കേസ് സംബന്ധിച്ചുണ്ടായ ബഹു. സുപ്രീംകോടതി വിധി അരക്കിട്ടുറപ്പിക്കുന്നതാണ് തൃശ്ശൂര്‍ ഭദ്രാസനത്തിലെ തേനിടുക്ക് പളളിക്കേസിലുണ്ടായ ബഹു. കേരള ഹൈക്കോടതിയുടെ നിരീക്ഷണം എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ജൂലൈ 3 ലെ സുപ്രീംകോടതി വിധിയുടെ തീരുമാനത്തിനു വിരുദ്ധമായോ അതിന്റെ അന്ത:സത്തയ്ക്ക് അനുയോജ്യമല്ലാത്തതോ ആയ വിധികള്‍ ഒരു കീഴ്‌ക്കോടതിയും പുറപ്പെടുവിച്ചു കൂടാ എന്നും മലങ്കര സഭയിലെ എല്ലാ പളളികള്‍ക്കും ടി വിധി ബാധകമാണെന്നും ബഹു. ഹൈക്കോടതി നിരീക്ഷിച്ചു. സഭാതര്‍ക്കത്തെ സംബന്ധിച്ച് കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കരുതെന്നും ബന്ധപ്പെട്ട അധികാരികളും കോടതികളും ഇതിനു അനുസൃതമായിട്ട് തന്നെ പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി പിറവം പളളി കേസില്‍ നിരീക്ഷിച്ചിരുന്നു. മേല്‍പ്പറഞ്ഞ നിരീക്ഷണം ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ വിധി. പുതിയ കേസുകള്‍ നല്‍കുവാനുളള പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ തന്ത്രങ്ങള്‍ നടപ്പാകുകയില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. ആയതിനാല്‍ എല്ലാ പളളികേസുകളും എത്രയും പെട്ടെന്ന് തീര്‍പ്പാക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി ലഭ്യമാക്കുന്നതിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ബന്ധപ്പെട്ട അധികാരികളെ ഈ വിധി പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പ്രതികരിച്ചു.

Comments

comments

Share This Post

Post Comment