മലങ്കര ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നത് ശാശ്വത സമാധാനം – പരിശുദ്ധ കാതോലിക്കാ ബാവ


മലങ്കര സഭാതര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വീണ്ടും സുപ്രീം കോടതി വിധി വന്നിരിക്കുന്നു. 1934 ലെ ഭരണഘടന അനുസരിച്ചാണ് മലങ്കരയിലെ പളളികള്‍ ഭരിക്കപ്പെടേണ്ടത് എന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു.* മലങ്കര ഓര്‍ത്തഡോക്സ് സഭ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പള്ളികള്‍ കൈയ്യേറുവാന്‍ ശ്രമിക്കുന്നു എന്ന പ്രചരണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പൊതു സമൂഹത്തെയും മാധ്യമങ്ങളെയും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ കുറെയൊക്കെ തല്‍പ്പര കക്ഷികള്‍ വിജയിച്ചിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും ഇപ്രകാരമുള്ള പ്രചരണങ്ങള്‍ നന്നായി നടക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പള്ളി കൈയ്യേറ്റം ഉണ്ടായത് എന്നാണ്? ആരാണ് അത് ചെയ്തത്? 1958 ല്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ഒന്നായി നീങ്ങിയൊരു സമൂഹം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിഭജിക്കപ്പെട്ടതും പള്ളി കൈയ്യേറ്റങ്ങള്‍ ഉണ്ടായതും ചില ബാഹ്യ ശക്തികളുടെ ആസ്രൂതിതമായ കുത്സിത പ്രവര്‍ത്തനങ്ങള്‍മൂലമാണ്. പള്ളികൈയ്യേറ്റങ്ങള്‍ ഉണ്ടായത് 1970 കളിലാണ,് അത് ചെയ്തത് ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് വിഭാഗം തന്നെയാണ്. കൈയ്യൂക്ക് കൊണ്ടും കടന്നുകയറ്റം കൊണ്ടും കൈയ്യേറ്റം കൊണ്ടും കൈക്കലാക്കിയ പള്ളികള്‍ നിയമപരമായി സംരക്ഷിക്കുക എന്ന ബാദ്ധ്യതയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ ചെയ്തിട്ടുള്ളത്. ഭാരതത്തിന്റെ പരമോന്നത നീതിപീഠം വരെയെത്തിയ നിയമ പോരാട്ടം പൂര്‍ത്തിയായതും സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ സാഹചര്യം ഒരുങ്ങിയിട്ടുള്ളതും നാല്പതിലേറെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്. അതുകൊണ്ട് തന്നെ പള്ളി കൈയ്യേറുന്നു എന്ന ആരോപണം തികച്ചും അവാസ്തവമാണ്.

* 2002 മലങ്കര അസോസിയേഷന്‍ സമ്പൂര്‍ണ്ണ സമാധാനത്തിനുള്ള സാധ്യത ഒരുക്കിയെങ്കിലും ഒരു ബദല്‍ സമ്മേളനം കൂടി സ്വന്തമായി ഒരു ഭരണഘടന പാസ്സാക്കി തികച്ചും നിയമവിരുദ്ധമായ കൈയ്യേറ്റത്തിലൂടെ സ്വന്തമാക്കിയ പള്ളികള്‍ നിലനിര്‍ത്തുവാനാണ് വിഘടിത വിഭാഗം എന്നും ശ്രമിച്ചിട്ടുള്ളത് എന്നത് വിസ്മരിച്ചുകൂടാ.

* ‘ഇത് വിശ്വാസത്തിന്റെ വിഷയം, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീക അവകാശം’എന്നിങ്ങനെ പ്രതിരോധം തീര്‍ക്കുവാന്‍ വിഘടിത വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. ഇത് വിശ്വാസത്തിന്റെ വിഷയം അല്ല എന്ന് നീതിപീഠങ്ങള്‍ക്ക് മുമ്പില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ഒരു വിഭാഗം കണ്ണടച്ച് ഇരുട്ടാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളായി മാത്രമേ വിലയിരുത്താനാവുകയുള്ളൂ.

* 1958,1995,2017 ലെയും സുപ്രീംകോടതി വിധികള്‍ സഭയ്ക്ക് അനുകൂലമായിരുന്നിട്ടു കൂടിയും സംസ്ഥാന സര്‍ക്കാര്‍ അതിനു എതിരെ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ഈ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയില്ലെന്നും കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിന്നു. അത്തരം നിലപാടുകള്‍ക്ക് ഏറ്റ ശക്തമായ പ്രഹരം തന്നെയാണ് 2019 ജൂലൈ 2 ലെ സുപ്രീം കോടതി വിധി. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.

* കേരള സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോയെന്നും വേണ്ടി വന്നാല്‍ ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്നും സുപ്രീം കോടതി താക്കീത് ചെയ്തു. കട്ടച്ചിറ, വരിക്കോലി പളളി കേസുകള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിനും കീഴ്ക്കോടതികള്‍ക്കും സുപ്രീംകോടതി വിധികള്‍ മറികടക്കാന്‍ പറ്റില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. വിശ്വാസികള്‍ക്ക് പളളി ഭരണത്തില്‍ പ്രാതിനിത്യം നഷ്ടമാകുന്നുവെന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും പൊളളയാണെന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കുന്ന കോലഞ്ചേരി പളളി ഉള്‍പ്പെടെയുളള പളളികള്‍. ഈ പളളികളില്‍ ഭരണം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുന്നത് ഇടവകാംഗങ്ങള്‍ തന്നെയാണ്. പൊതുസമൂഹത്തിനു അംഗീകരിക്കാന്‍ പറ്റാത്ത വിധം വിശ്വാസികളെ തെരുവിലേക്ക് ഇറക്കി സംഘര്‍ഷങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത് പാത്രിയര്‍ക്കീസ് വിഭാഗം അവസാനിപ്പിക്കണം. മലങ്കര ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നത് സമാധാനം ആണ്. സഭയില്‍ ശാശ്വതമായ സമാധാനം നിലനില്‍ക്കാനായി 1934 ലെ ഭരണഘടന അംഗീകരിക്കാന്‍ പാത്രിയര്‍ക്കീസ് വിഭാഗം തയ്യാറാകണം. ഈ കോടതി വിധി എല്ലാവരുടെയും വിജയമാണ്. സമാധാനത്തിന്റെ വിജയമാണ്.  കോട്ടയം ദേവലോകം അരമനയില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത (എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി), ഫാ. ഡോ. എം. ഓ. ജോണ്‍, (വൈദിക ട്രസ്റ്റി) ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, (സഭാ വക്താവ്) അഡ്വ. ബിജു ഉമ്മന്‍ (സഭാ സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു

Comments

comments

Share This Post

Post Comment