പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് റോക്ക്‌ലാന്‍ഡില്‍ സ്വീകരണം നല്‍കുന്നു


വിശുദ്ധ മാര്‍ത്തോമ ശ്ലീഹായുടെ സിംഹാസനത്തില്‍ അഭിഷിക്തനായിരിക്കുന്ന കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ ബാവയ്ക്ക് റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഊഷ്മള സ്വീകരണം നല്‍കുന്നു. ജൂലൈ 14-ാം തീയതി ഞായറാഴ്ച എട്ടരമണിക്ക് ദേവാലായങ്കണത്തില്‍ എത്തിച്ചേരുന്ന പരിശുദ്ധ പിതാവിനെ വികാരിയും ഇടവകജനങ്ങളും കൂടി സ്വീകരിക്കുന്നതും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതുമാണ്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സൗത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് അധ്യക്ഷത വഹിക്കും. വൈദിക ട്രസ്റ്റി റവ.ഫാ. എം.ഒ. ജോണ്‍, അല്‍മായ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ക്ലാസ്ടൗണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹൂച്മാന്‍ തുടങ്ങിയവര്‍ സംസാരിക്കും. കൂടാതെ സഭ മാനേജിങ് കമ്മറ്റിയംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസന അല്‍മായ സംഘടനാ നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സാംസ്‌ക്കാരിക സംഘടന നേതാക്കള്‍ തുടങ്ങി അനേകം വിശിഷ്ടവ്യക്തികളും പങ്കെടുക്കുന്നതാണ്. സമ്മേളനത്തോടനുബന്ധിച്ച് ഇടവകയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നതും വാര്‍ഷികത്തോടനുബന്ധിച്ചു വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതുമാണ്.
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു ദേവാലയങ്ങളിലായിരുന്ന അനേകം വ്യക്തികളുടെ ശ്രമഫലമായിട്ടാണ് റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ഇടവക രൂപം കൊണ്ടത്. അഭി. ബര്‍ണബാസ് തിരുമേനിയാണ് ഈ ദേവാലയത്തിനു തുടക്കമിട്ടത്. റവ.ഫാ. ഡോ. രാജു വറുഗീസ് ആണ് വികാരി.

Comments

comments

Share This Post

Post Comment