സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനം അപലപനീയം: ഓര്‍ത്തഡോക്‌സ് സഭ


കട്ടച്ചിറ, വരിക്കോലി പള്ളികളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വ്യക്തമായ വിധി ഉണ്ടായിരിക്കെ നിയമാനുസൃത വികാരിയെ മാറ്റി നിര്‍ത്തിക്കൊണ്ട് വിഘടിത വിഭാഗം അംഗത്തിന്റെ ശവസംസ്‌കാരം നടത്തുവാന്‍ ഒത്താശ ചെയ്ത ജില്ലാ പോലീസ് അധികാരികളുടെയും ജില്ലാ സിവില്‍ അധികാരികളുടെയും നടപടി തികച്ചും അപലപനീയമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. 1934-ലെ സഭാ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികള്‍ക്ക് മാത്രം ഇടവകയില്‍ അവകാശമുണ്ട് എന്നിരിക്കെ രേഖാമൂലമായ അപേക്ഷ സ്വീകരിച്ച് ഇടവക വികാരിയുടെ കാര്‍മ്മികത്വത്തില്‍ മൃതശരീരം സംസ്‌കരിക്കുവാന്‍ ചെയ്ത ക്രമീകരണങ്ങളെ പൂര്‍ണ്ണമായും തിരസ്‌കരിച്ചുകൊണ്ട് നിയമലംഘനം നടത്തുവാന്‍ തുനിഞ്ഞവര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് പോലീസും സിവില്‍ അധികാരികളും സ്വീകരിച്ചിട്ടുള്ളത് എന്ന വസ്തുത അങ്ങേയറ്റം ആശങ്കാജനകമാണ്. സമാന്തരഭരണം സമ്പൂര്‍ണ്ണമായി അവസാനിപ്പിക്കുകയും മദ്ധ്യസ്ഥ ചര്‍ച്ചകളോ ഉപാധികളോ കൂടാതെ വ്യക്തമായി കോടതി വിധി നടപ്പാക്കുകയും ചെയ്യേണ്ടുന്ന സാഹചര്യം നിലനില്‍ക്കെയാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിശിത വിമര്‍ശനം നേരിടേണ്ടി വന്ന ഭരണകൂടം തുടര്‍ന്നും നഗ്നമായ നിയമലംഘനം നടത്തുന്നത്. പള്ളി സെമിത്തേരി പൊതുശ്മശാനമല്ല എന്നിരിക്കെ നിയമാനുസൃതം അവകാശം ഉള്ളവര്‍ക്ക് മാത്രമാണ് മൃതശരീരം സംസ്‌കരിക്കുവാന്‍ അനുമതിയുള്ളത്. ഇടവക അംഗം എന്ന പദവിക്ക് അര്‍ഹരല്ലാത്തവരുടെ മൃതശരീരം സംസ്‌കരിക്കുന്നതിന് നിയമപരമായി അനുവാദം നല്‍കുക സാധ്യമല്ല എന്നും രാജ്യത്തിന്റെ നിയമമായിത്തീര്‍ന്ന സുപ്രീംകോടതി വിധി പാലിക്കുവാന്‍ അധികാരികള്‍ക്ക് കടമയുണ്ട് എന്നും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യം സംജാതമാകേണ്ടതുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.
ബഹു. സുപ്രീംകോടതി വിധിയുടെ അന്ത:സത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതെയും, വിധി നടപ്പാക്കുവാന്‍ നിയമപരമായി യാതൊരു നടപടികളും സ്വീകരിക്കാതെയും, ജനഹിതം എന്ന പേരില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ചില ഭരണാധികാരികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിയമസംവിധാനത്തോടുള്ള അവഹേളനമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. ‘ഇഷ്ടക്കാരോടുള്ള പ്രീണനമാണ്’ ഇവരുടെ വാക്കുകളില്‍ പ്രകടമാകുന്നത്. ഈ പിന്‍ബലമാണ് കലാപകാരികള്‍ക്ക് കരുത്തുപകരുന്നത് എന്ന് പറയേണ്ടിവരും. വരിക്കോലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അധികാരികളുടെ സഹായത്തോടെ നിയമാനുസൃത വികാരിയെ തടഞ്ഞുവച്ച് പോലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നിയമവിരുദ്ധമായി രാജ്യത്തിന്റെ നിയമമായ സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിക്കുവാന്‍ പ്രചോദനം നല്‍കുന്നത് അധികാരകേന്ദ്രങ്ങള്‍ തന്നെയാണ് എന്ന് ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആരോപിച്ചു. പള്ളി പരിസരത്തുനിന്ന് ജീവരക്ഷാര്‍ത്ഥം പോകുവാന്‍ ശ്രമിച്ച വികാരി ഫാ. വിജു ഏലിയാസിനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ, മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുവാന്‍ ഒത്താശ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ നടപടി രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയും സുപ്രീംകോടതി വിധി മറികടക്കുവാന്‍ വിഘടിത വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ തികച്ചും പ്രതിഷേധാര്‍ഹമാണ്.
ബഹു. സുപ്രീംകോടതിയില്‍നിന്ന് 02-07-2019-ല്‍ ഉണ്ടായ ഉത്തരവില്‍ ‘In view of the Judgment passed by this Court in K.S. Varghese & Ors. Vs. St. Peter’s & Paul’s Syrian Orth. & Ors., reported in (2017) 15 SCC 333, there is absolutely no scope to construe the order passed by the High Court in a different manner than the order passed by this Court on 03.07.2017.
There cannot be any violation of the order by any one concerned. Even the State Government cannot act contrary to the Judgment and the observations made by this Court and has the duty to ensure that the Judgment of this Court is implemented forthwith.
Any observation made by the High court contrary to the Judgment passed by this Court stands diluted.
The State and all parties shall abide by the Judgment passed by this Court in totality and cannot solve the matter in any manner different than the Judgment passed by this Court. No parallel system can be created.’ മേല്‍ വിവരിച്ചപ്രകാരം വ്യക്തമാക്കിയിരിക്കെ സുപ്രീംകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുവാന്‍ ഉള്ള വിഘടിത വിഭാഗത്തിന്റെ ശ്രമം അവരുടെ അനുയായികളെ തുടര്‍ന്നും കബളിപ്പിക്കുവാനുള്ള നേതൃത്വത്തിന്റെ ഗൂഢതന്ത്രമാണ്.
കായംകുളം കാദീശാ പള്ളിയില്‍ ശവസംസ്‌ക്കാരം സംബന്ധിച്ച് ഇന്ന് എതിര്‍വിഭാഗം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തുവാന്‍ സാധിക്കുകയുള്ളു എന്ന് ബഹു. കേരള ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്.

Comments

comments

Share This Post

Post Comment