സ്‌നേഹഭവനം താക്കോല്‍ കൈമാറി.

കുന്നംകുളം :-ഓട്ടിസം ബാധിച്ച ഏക മകന്‍ പതിനൊന്നു വയസ്സുള്ള വിഷ്ണുവും രോഗിയായ ഭര്‍ത്താവ് രവീന്ദ്രനും ഒപ്പം തകര്‍ന്നു വീഴാറായ വീട്ടില്‍ ജീവിതം തള്ളിനീക്കിയിരുന്ന അംഗനവാടി ജീവനക്കാരി കടവല്ലൂര്‍ ആലക്ക വളപ്പില്‍ കൃഷ്ണകുമാരിക്ക് അടച്ചുറപ്പുള്ള മനോഹരമായ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കഴിഞ്ഞ പ്രളയകാലത്ത് കൃഷ്ണകുമാരിയുടെയും കുടുംബത്തിന്റെയും അവസ്ഥ സാമൂഹ്യ നീതി വകുപ്പ് ജീവനക്കാരി ബിജി ജോമോന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഷെയര്‍ ഏന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി കഴിഞ്ഞ ആഗസ്റ്റ് അവസാനത്തോടെ തന്നെ ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. തുടര്‍ന്നാണ് 2 കിടപ്പുമുറികളും മറ്റു സൗകര്യങ്ങളും ഉള്ള 650 സ്‌ക്വയര്‍ ഫീറ്റ് ഭവന പദ്ധതി ഷെയര്‍ ഏന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിക്കുന്നത്. കുടുംബ വീട്ടില്‍ നിന്ന് കൃഷ്ണകുമാരിക്ക് ലഭിച്ച 2 സെന്റ് സ്ഥലവും സഹോദരി ബീന സൗജന്യമായി നല്‍കിയ 2 സെന്റ് സ്ഥലവും ചേര്‍ത്ത് 4 സെന്റ്റിലാണ് ഭവനം നിര്‍മ്മിച്ചിരിക്കുന്നത്. പഴഞ്ഞി സ്വദേശി വടക്കേത്തലയ്ക്കല്‍ വി.കെ ബെന്നി തന്റെ ഗൃഹപ്രവേശതോട് അനുബന്ധിച്ച് ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 4 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. അത്യാവശ്യമുള്ള ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ സ്‌നേഹ ഭവനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഷെയര്‍ ഏന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സന്‍ അധ്യക്ഷത വഹിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ദാനച്ചടങ്ങ് ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന സഹായ മെത്രാന്‍ ഡോ: ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു കടവല്ലൂര്‍ അന്യോന്യ പരിഷത്ത് സെക്രട്ടറിയും പ്രമുഖ തച്ചുശാസ്ത്ര വിദഗ്ധനുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കടവല്ലൂര്‍ ബദ്രിയ ജുമാ മസ്ജിദ് ഖത്തീബ് ജനാബ് അബ്ദുള്ള ഹസനി, പഞ്ചായത്ത് പ്രസിഡണ്ട് യു.പി ശോഭന, കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് ജോസഫ് ചാലിശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.എ രാജേന്ദ്രന്‍ വാര്‍ഡ് മെമ്പര്‍ ഷീലകുമാരി, വി.എ ബെന്നി, ഷാജു ചീരന്‍ എന്നിവര്‍ പ്രസംഗിച്ചു നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ എം.ബിജുബാല്‍ സ്വാഗതവും ഷെമീര്‍ ഇഞ്ചിക്കാലയില്‍ നന്ദിയും പറഞ്ഞു.

Comments

comments

Share This Post

Post Comment