ഇടവകകളും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലെ പാലമാവണം അലുംനി: മാര്‍ നിക്കോളോവോസ്


ഇടവകയും എംജിഒസിഎസ്എം വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന കാര്യത്തില്‍ ഒരു പാലമായി വര്‍ത്തിക്കേണ്ട ഉത്തരവാദിത്വം അലുംനിക്കുണ്ടെന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത. പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്‌സ് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിലെ എംജിഒസിഎസ്എം അലുംനി സെഷനില്‍ സംസാരിക്കുകയായിരുന്നു മാര്‍ നിക്കോളോവോസ്. ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ശേഖരണത്തിനു വേണ്ടി എംജിഒസിഎസ്എമ്മിനു പല കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഇത്തരത്തിലുള്ള അലുംനി അംഗങ്ങളുടെ പ്രവര്‍ത്തനപരിചയവും ബന്ധങ്ങളും വിദ്യാര്‍ത്ഥികളിലേക്കു കൂടി പകര്‍ന്നു നല്‍കിയാല്‍ അതു നിധി സമാഹാരണത്തിന് ഏറെ പ്രയോജനകരമാവുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
കീനോട്ട് സ്പീക്കര്‍ ഫാ. എബ്രഹാം തോമസും യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടറി മാത്യു സാമുവല്‍ സ്വാഗതം ആശംസിച്ചു. ഭദ്രാസനവും ഇടവകയുമായും മികച്ചനിലയിലാണ് അലുംനിയിലെ അംഗങ്ങളുടെ പ്രവര്‍ത്തനമെന്നും ഇത് തിരിച്ചറിയപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദങ്ങളുടെ ഒരു കൂട്ടുചേരല്‍ എന്ന അര്‍ത്ഥത്തിലാണ്, എറെ നാളുകള്‍ക്കു ശേഷം വീട്ടിലേക്ക് മടങ്ങി വന്നുവെന്ന പ്രതീതിയാണ് അലുംനി യോഗങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കുന്നതെന്നും മാത്യു സാമുവല്‍ പറഞ്ഞു.
ഫാ. എബ്രഹാം തോമസിനെ ജോയിന്റ് സെക്രട്ടറി സജി പോത്തന്‍ പരിചയപ്പെടുത്തി. തന്റെ വൈദികാനുഭവത്തെക്കുറിച്ചും യുകെയിലായിരുന്നപ്പോഴത്തെ മിനിസ്ട്രി പ്രവര്‍ത്തന രീതികളെക്കുറിച്ചും എബ്രഹാം തോമസ് അച്ചന്‍ വിശദീകരിച്ചു. ക്യാമ്പസ് മിനിസ്ട്രിയെ സഹായിക്കാന്‍ അലുംനിക്ക് കഴിയുമെന്നും അതു കൂടുതല്‍ ഉദാത്തമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില പ്രദേശങ്ങളില്‍ എംജിഒസിഎസ്എമ്മിന്റെ മികച്ച നിലയ്ക്കുള്ള പിന്തുണ ക്യാമ്പസ് മിനിസ്ട്രിക്ക് ലഭിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ അങ്ങനെയല്ല. അവിടെ, കൃത്യമായ പിന്തുണ ലഭിക്കേണ്ടിയിരിക്കുന്നു. അലുംനിക്ക് ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും. അവരുടെ പരിചയവും പിന്തുണയും ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് എത്തിക്കുമ്പോഴാണ് പ്രവര്‍ത്തനം പൂര്‍ണ്ണമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എംജിഒസിഎസ്എം ഭദ്രാസനവുമായി ചേര്‍ന്നു നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ജനറല്‍ സെക്രട്ടറി ലിസ രാജന്‍ വിവരിച്ചു. അലുംനിക്കു വേണ്ടി എംജിഒസിഎസ്എം ഒരു സര്‍വ്വേ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ലിസ അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന സര്‍വ്വേ വിവരങ്ങളില്‍ നിന്നും ഓരോ അലുംനി അംഗത്തിന്റെയും വിദ്യാഭ്യാസവും കരിയറും വ്യക്തമാകുമെന്നും അതു വിദ്യാര്‍ത്ഥികളുടെ കൗണ്‍സിലിങ്ങിനു വേണ്ടി ഏതൊക്കെ വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ആലോചിക്കുന്നുണ്ടെന്നും ലിസ പറഞ്ഞു.
എംജിഒസിഎസ്എമ്മിന്റെ വാര്‍ഷിക സംഭാവന ദാതാക്കളായി സീനിയര്‍ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തി കൊണ്ടു വരുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇത്തരത്തില്‍ സംഘടനയുടെ പ്രവര്‍ത്തനത്തിനു വേണ്ടി വര്‍ഷം തോറും ഏറ്റവും കുറഞ്ഞത് 200 ഡോളര്‍ സംഭാവന നല്‍കാന്‍ കഴിയുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
എംജിഒസിഎസ്എമ്മിന്റെയും ഒസിവൈഎമ്മിന്റെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഫാ. ജോണ്‍ തോമസ്, ഫാ.ഡോ. രാജു വറുഗീസ് എന്നിവര്‍ അമേരിക്കയിലെ എംജിഒസിഎസ്എം മുതിര്‍ന്ന അംഗങ്ങള്‍ ശരിയായ വിധത്തില്‍ താഴേയ്ക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും അത് പ്രസ്ഥാനത്തിന് ഏറെ സഹായകരമാകുമെന്നും പറഞ്ഞു. ഓരോരുത്തരുടെയും ഇടവകയില്‍ രൂപീകൃതമായിരിക്കുന്ന എംജിഒസിഎസ്എമ്മിലൂടെ ഓരോ വ്യക്തിക്കും ഭദ്രാസനവുമായുള്ള ബന്ധവും ഉത്തരവാദിത്വവും ഊട്ടിയുറപ്പിക്കാനുള്ള അവസരമാണെന്നും അത് പിന്നണിയില്‍ നില്‍ക്കുമ്പോള്‍ പോലും മുന്നിലേക്ക് കടന്നു വരാനുള്ള മികച്ച അവസരമാണ് തുറന്നിടുന്നതെന്നും ഫാ. എം. കെ. കുര്യാക്കോസ് പറഞ്ഞു. ഫാ. അലക്‌സ് കെ. ജോയിയും അംഗങ്ങളോടു സംസാരിച്ചു.
തുടര്‍ന്നു നടന്ന ഫോട്ടോ സെഷനു ശേഷം മെത്രാപ്പോലീത്തയുടെ പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു.

Report : George Thumpayil

Comments

comments

Share This Post

Post Comment