പാത്രിയര്‍ക്കീസ് വിഭാഗം കലാപത്തിന് ശ്രമിക്കുന്നു : ഓര്‍ത്തഡോക്‌സ് സഭ


സുപ്രീംകോടതി വിധി നടപ്പാക്കിയ കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം വിശ്വാസികളെ അണിനിരത്തി കലാപമുണ്ടാക്കി പളളി പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്. കോടതി വിധി നടപ്പാക്കിയാല്‍ സംഘര്‍ഷം ഉണ്ടാകുമെന്ന് വരുത്തിതീര്‍ക്കാന്‍ പാത്രിയര്‍ക്കീസ് വിഭാഗം മന:പ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

കട്ടച്ചിറ പളളിയില്‍ വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യം ഒരു തരത്തിലും ഓര്‍ത്തഡോക്‌സ് സഭ നിഷേധിച്ചിട്ടില്ല. പ്രാര്‍ത്ഥിക്കുവാന്‍ എന്ന വ്യാജേന വലിയ സംഘമായെത്തി പളളിയില്‍ പ്രവേശിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുളള ശ്രമം അനുവദിക്കില്ല. ഇടവകാംഗങ്ങളായ വിശ്വാസികള്‍ക്ക് പളളിയില്‍ കയറി പ്രാര്‍ത്ഥിക്കുന്നതിന് യാതൊരു തടസവുമില്ല. ഇടവക ലിസ്റ്റ് പുതുക്കി കട്ടച്ചിറ പളളിയില്‍ ഇടവക ചേരാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് അതിനുളള ക്രമീകരണം ചെയ്തിട്ടുണ്ട്.

മുടവൂര്‍ സെന്റ് ജോര്‍ജ് പളളിയില്‍ കോടതി വിധി നടപ്പാക്കുമെന്ന് അധികാരികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഉറപ്പ് നല്കിയിരുന്നു. എന്നാല്‍ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ പളളിയില്‍ പ്രവേശിക്കുവാന്‍ എത്തിയ വൈദീകരെയും ഇടവകാംഗങ്ങളയെും പളളിക്കുളളില്‍ പ്രവേശിപ്പിക്കാതെ കാരണം കൂടാതെ പോലീസ് തടയുകയാണുണ്ടായത്. അധികാരമില്ലാത്തവര്‍ പളളിക്ക് അകത്തും കോടതി വിധിപ്രകാരം അധികാരം ലഭിച്ചവര്‍ പളളിക്ക് പുറത്തും എന്ന അവസ്ഥയാണ് ഇപ്പോള്‍ മുടവൂര്‍ പളളിയിലുളളത്. മുടവൂര്‍ പളളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാതെ ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

കോടതിവിധി അനുകൂലമായിട്ടും വിധി നടപ്പാക്കാത്ത പളളികള്‍ക്കുവേണ്ടി കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യും. പിറവം സെന്റ് മേരീസ് പളളി, തൃശ്ശൂര്‍ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി, മംഗലം ഡാം സെന്റ് മേരീസ് പളളി, എരിക്കുംചിറ സെന്റ് മേരീസ് പളളി, ചെറുകുന്നം സെന്റ് തോമസ് എന്നീ പളളികളില്‍ കോടതി വിധി നടപ്പാക്കിയിട്ടില്ല.

Comments

comments

Share This Post

Post Comment