തിരുവാര്‍പ്പ് മര്‍ത്തശ്മൂനി പളളി ഓര്‍ത്തഡോക്സ് സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണം: കോടതി


തിരുവാര്‍പ്പ് മര്‍ത്തശ്മൂനി പളളി ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമാണെന്നും പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദീകനും അനുയായികളും പളളിയിലോ സെമിത്തേരിയിലോ പ്രവേശിക്കരുതെന്നും കോട്ടയം മുന്‍സിഫ് കോടതി. ഈ പളളി 1934 ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നും കോടതി വിധിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറൊസ് നിയമിച്ച വൈദീകനാണ് പളളിയുടെ യഥാര്‍ത്ഥ വികാരിയെന്ന് കോടതി വ്യക്തമാക്കി.

മലങ്കര സഭാ ഭരണഘടന അംഗീകരിക്കാത്തവര്‍ക്ക് സെമിത്തേരിയില്‍ യാതൊരു വിധ അവകാശവുമില്ല എന്നുളള പരാമര്‍ശം കൊണ്ട് ഈ വിധി ശ്രദ്ധേയമാണ്. ശവസംസ്‌കാര പ്രശ്നം ഉയര്‍ത്തികാട്ടി മൃതദേഹത്തോട് അനാദരവ് കാട്ടുന്നുവെന്ന വ്യാജപ്രചാരണത്തിലൂടെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ വിധിയെന്ന് ഓര്‍ത്തഡോക്സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവിച്ചു.

പാത്രിയര്‍ക്കീസ് വിഭാഗം വൈദീകനോ ആളുകള്‍ക്കൊ പളളി ഭരണത്തില്‍ യാതൊരു അവകാശവുമില്ല. നിയമാനുസൃത വികാരി ഫാ. എ.വി വര്‍ഗീസും അനുയായികളും പളളിയില്‍ പ്രവേശിച്ച് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് തടസമുണ്ടാക്കരുതെന്നും കോടതി ഉത്തരവിട്ടു. തിരുവാര്‍പ്പ് മര്‍ത്തശ്മൂനി പളളിയും സ്വത്തുക്കളും ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമല്ലെന്നും സ്വതന്ത്ര ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടുന്ന പളളിയാണെന്നുമുളള പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വാദം കോടതി തളളി. ഓര്‍ത്തഡോക്സ് സഭയുടെ പെറ്റീഷന്‍ ചിലവ് സഹിതമാണ് കോടതി അംഗീകരിച്ചത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ. എം.സി സ്‌കറിയ ഹാജരായി.

Comments

comments

Share This Post

Post Comment