പ്രളയ ദുരിതാശ്വാസം : മാതൃകയായി റോയ് സ്‌കറിയ.


മനാമ : നിലമ്പൂരിലെ പ്രളയബാധിതര്‍ക്ക് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ മുന്‍ സെക്രട്ടറി ശ്രീ. റോയ് സ്‌കറിയ നിലമ്പൂര്‍ വഴിക്കടവ് വില്ലേജില്‍ തന്റെ പേരില്‍ ഉള്ള 40 സെന്റ് വസ്തു ഭവനരഹിതരായ എട്ടുപേര്‍ക്ക് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു. പ്രളയ സമയങ്ങളില്‍ നിലമ്പൂരില്‍ ആയിരുന്ന റോയിയും കുടുംബവും അടുത്തുള്ള ക്യാമ്പുകളില്‍ സന്ദര്‍ശിക്കുകയും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു . നിലമ്പൂര്‍ എംഎല്‍എ ശ്രീ. പി വി അന്‍വറിന്റെ നേതൃത്വത്തിലുള്ള റീബില്‍ഡ് നിലമ്പൂര്‍ ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന പദ്ധതികള്‍ക്കായി തികച്ചും വാസയോഗ്യമായ റോഡ് സൈഡിലുള്ള ഈ കരഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതായി നിലമ്പൂര്‍ തഹസില്‍ദാര്‍ ശ്രീ. മുരളീധരന്‍ അറിയിച്ചു. പ്രളയത്തില്‍ ഇരകളായവരുടെ മാനസികാവസ്ഥയും പ്രളയബാധിത പ്രദേശങ്ങളിലെ അതിദയനീയവസ്ഥയും നേരില്‍ കാണാന്‍ ഇടയായതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാന്‍ തയ്യാറായതെന്ന് ശ്രീ. റോയ് സ്‌കറിയ പറഞ്ഞു. 2013 മുതല്‍ ബഹ്റൈനില്‍ പ്രവാസം ആരംഭിച്ച ശ്രീ. റോയ് സ്‌കറിയ ടെസ്റ്റിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ മേഖലയില്‍ പ്രശസ്തമായ എസ് ജി എസ് എന്ന സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആണ്. ഷീബ റോയ് ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്നതാണ് ശ്രീ. റോയ് സ്‌കറിയയുടെ കുടുംബം.

Comments

comments

Share This Post

Post Comment