വടവുകോട് പളളി തര്‍ക്കം : പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ എല്ലാ ഹര്‍ജികളും തളളി

കൊച്ചി ഭദ്രാസനത്തില്‍പെട്ട വടവുകോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളി തര്‍ക്കവുമായി ബന്ധപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ എല്ലാ ഹര്‍ജികളും ബഹു. സുപ്രീം കോടതിയും, കേരള ഹൈക്കോടതിയും തളളി. വടവുകോട് പളളികേസ് പരിഗണിക്കുന്നത് പളളികോടതിയില്‍ നിന്ന് മാറ്റണമെന്നും 1934 ഭരണഘടനയുടെ ഒറിജിനല്‍ ഹാജരാക്കണമെന്നും ഉള്‍പ്പെടെ നാല് ഹര്‍ജികളാണ് മറുവിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സഭാ സെക്രട്ടറി, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത എന്നിവരെ വിസ്തരിക്കണമെന്നും, അസോസിയേഷന്‍ യോഗത്തിന്റെ മിനിട്ട്‌സ് ആദിയായ രേഖകള്‍ അവര്‍ ഹാജരാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ രേഖകള്‍കൊണ്ട് കേസിന് പ്രയോജനമൊന്നും ഇല്ലാത്തതിനാല്‍ അവരെ വിസ്തരിക്കേണ്ട ആവശ്യമില്ല എന്ന് കോടതി ഉത്തരവായി. സുപ്രീംകോടതി അവസാനമായി തീര്‍പ്പുകല്‍പ്പിച്ച വിഷയങ്ങള്‍ ഒന്നും വീണ്ടും കുഴിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ എല്ലാം ഹൈക്കോടതി തളളി. 1934 ഭരണഘടനയുടെ ഒറിജിനല്‍ സംബന്ധിച്ച് പലതവണ ചര്‍ച്ച ചെയ്ത് തീര്‍പ്പുകല്പിച്ചിട്ടുളളതാണെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ സാധുതയും അതിന്റെ ആദ്യത്തെ രൂപവും സംബന്ധിച്ച് വീണ്ടും പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എറണാകുളം പളളികോടതിയില്‍ നിലനില്‍ക്കുന്ന കേസ് പരിഗണിക്കരുതെന്നും കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയിലും പാത്രിയര്‍ക്കീസ് വിഭാഗം ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചില്‍ കേസ് വാദത്തിനുവന്നപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗം കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് തളളുകയാണുണ്ടായത്. ഈ വിഷയത്തില്‍ ഇനി കീഴ്‌ക്കോടതിയെ സമീപിക്കാനുള്ള അവകാശം പോലും നല്‍കാതെയാണ് കേസ് തള്ളിയിരിക്കുന്നത്. 1934 ലെ ഭരണഘടനയുടെ അന്നത്തെ രൂപത്തിലുള്ള അസല്‍ കോപ്പിക്ക് എന്തോ പ്രാധാന്യമുണ്ട് എന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ കുപ്രചരണത്തില്‍ പൊരുളില്ല എന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു എന്ന് ഓര്‍ത്തഡോകസ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.

Comments

comments

Share This Post

Post Comment