പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെത് ധാര്‍ഷ്ഠ്യത്തിന്റെ സ്വരം

‘ഓര്‍ത്തഡോക്സ് വിഭാഗം സുപ്രീം കോടതിയില്‍ പോയിരിക്കുന്നു; അവിടെചെന്നാല്‍ അവര്‍ക്ക് ചില ഉറപ്പുകളൊക്കെ നിശ്ചയമായും ഉണ്ടെന്ന് വേണം കരുതാന്‍’ എന്ന പ്രസ്താവന നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും തികഞ്ഞ കോടതി അലക്ഷ്യവുമാണെന്ന് ഓര്‍ത്തഡോക്സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ധാര്‍ഷ്ഠ്യമാണ് ഇതില്‍ നിഴലിക്കുന്നത്. 1934 ലെ ഭരണഘടനയെ ചുറ്റിപ്പറ്റി ഉയര്‍ത്തുന്ന വിവാദങ്ങള്‍ വ്യാജമാണ്. അതിന്റെ അസല്‍ കൈയെഴുത്തുരൂപം പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ കൈവശം ഉണ്ടെന്ന വാദവും സത്യമല്ല. ഭരണഘടന പാസാക്കുന്നതിനുമുമ്പ് പലരില്‍നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പരി.വട്ടശേരില്‍ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ തന്നെ ഭരണഘടനയുടെ ഒരു രൂപം സ്വയമായി എഴുതിയുണ്ടാക്കി അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഈ രേഖകളെല്ലാം ചുമതലപ്പെട്ട ഡ്രാഫ്റ്റിംഗ് കമ്മറ്റി സ്വീകരിച്ച്, അവയിലെ നല്ല അംശങ്ങള്‍ തിരഞ്ഞെടുത്താണ് ഭരണഘടനയുടെ അന്തിമരൂപം ക്രോഡീകരിച്ചത്. ആരെങ്കിലും കരുതിക്കൂട്ടി എഴുതിയുണ്ടാക്കിയ വ്യാജ രേഖ ആകാം പാത്രിയര്‍ക്കീസ് വിഭാഗം അസല്‍ രൂപം എന്ന് അവകാശപ്പെടുന്നത്. കൈയെഴുത്തു പ്രതി ഏതെന്നു പരിശോധിക്കുവാന്‍ അത് ഏതെങ്കിലും കോടതിയില്‍ ഹാജരാക്കുവാന്‍ പാത്രിയര്‍ക്കീസ് വിഭാഗം ഇതുവരെ തുനിഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ക്കൂടി തെറ്റിദ്ധാരണകള്‍ പരത്തുകയും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിധി നടത്തിപ്പ് താമസിപ്പിക്കുവാന്‍ ഭരണഘടനയെക്കുറിച്ച് വിവാദം ഉയര്‍ത്തുകയും ചെയ്യുന്നതുകൊണ്ട് പ്രയോജനമുണ്ടാവുകയില്ല. 1934 ഭരണഘടനയുടെ ഒറിജിനല്‍ സംബന്ധിച്ച് പലതവണ ചര്‍ച്ച ചെയ്ത് തീര്‍പ്പുകല്‍പ്പിച്ചിട്ടുളളതാണെന്ന് ഹൈക്കോടതിയില്‍ വടവുകോട് പളളികേസ് പരിഗണിക്കവെ ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കിയിട്ടുളളതാണ്.

സഭാഭരണഘടന ഭേദഗതിചെയ്യേണ്ടത് എങ്ങിനെയെന്ന് അതില്‍ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നിയമാനുസൃതമായ ഭേദഗതികളല്ലാതെ ഒരു മാറ്റവും ആരും വരുത്തിയിട്ടില്ല. ഭേദഗതികളെക്കുറിച്ച് കോടതിവിധികളില്‍ തന്നെ പരാമര്‍ശമുണ്ട്. വിധിനടത്തിപ്പിനു വേണ്ടി സര്‍ക്കാരിന് അടിസ്ഥാന രേഖയുടെ പകര്‍പ്പ് ആവശ്യമെങ്കില്‍ അത് കോടതിയില്‍ നിന്നുതന്നെ കരസ്ഥമാക്കാവുന്നതാണ്. സഭ കൊടുക്കുന്ന രേഖകളെ എതിര്‍ കക്ഷിക്ക് വിശ്വാസമില്ലാത്ത അവസ്ഥയില്‍ അടിസ്ഥാന രേഖ കക്ഷിയോടുതന്നെ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലല്ലോ. 1964 ല്‍ അന്നത്തെ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ഭരണഘടന അംഗീകരിക്കുകയും അത് മലങ്കരയിലെ പള്ളികള്‍ അംഗീകരിക്കണമെന്ന് കല്‍പ്പന അയയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. 1958 ല്‍ ഇരുവിഭാഗവും ഒന്നായതിനുശേഷം 1967 ല്‍ ഭരണഘടന ഭേദഗതി ചെയ്യാനുളള റൂള്‍ കമ്മിറ്റിയില്‍ പഴയ പാത്രിയര്‍ക്കീസ് വിഭാഗത്തിലെയും ക്നാനായ വിഭാഗത്തിലെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. 1995 നുശേഷം പാത്രിയര്‍ക്കീസ് വിഭാഗത്തിലെ പ്രാദേശിക തലവന്‍ എന്നവകാശപ്പെടുന്ന ശ്രേഷ്ഠകാതോലിക്കാ ഉള്‍പ്പെടെയുള്ള മെത്രാന്മാര്‍ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനയ്ക്കു കൂറും വിധേയത്വവും എഴുതി ഒപ്പിട്ടുകൊടുത്തത് വിസ്മരിച്ചുകൊണ്ട് പുതിയ വിവാദമുയര്‍ത്തുവാന്‍ ശ്രമിക്കുന്നത് ദുരൂഹമാണ്. കോടതി അന്തിമമായി തീര്‍പ്പുകല്‍പ്പിച്ച വിഷയങ്ങള്‍ വീണ്ടും കുത്തിപ്പൊക്കി ചര്‍ച്ച ചെയ്യാനുള്ള വ്യഗ്രതയാണ് ഈ വിവാദത്തിനു പിന്നില്‍.

Comments

comments

Share This Post

Post Comment