headline
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഭിമാനമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ കണ്ടനാട് പളളി മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് സ്വന്തം. 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി കണ്ടനാട് പളളിക്കും ബാധകമാണെന്നും ബഹു. സുപ്രീംകോടതി. ഇതുവരെ ഒന്നിടവിട്ടുളള തവണ വ്യവസ്ഥയിലായിരുന്നു ഇരുവിഭാഗങ്ങളും ആരാധന നടത്തിയിരുന്നത്. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദീകര്‍ പളളിയില്‍ പ്രവേശിക്കുന്നതിനും കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും സുപ്രീംകോടതി പൂര്‍ണ്ണമായി വിലക്കി. ഈ പളളി 1934 ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നും നിയമാനുസൃത വികാരിക്കു മാത്രമെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അധികാരമുളളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി പൂര്‍ണ്ണമായും കണക്കിലെടുക്കാതെ കേരള ഹൈക്കോടതിയില്‍ നിന്ന് കണ്ടനാട് പളളി സംബന്ധിച്ചുണ്ടായ വിധിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വന്ന കട്ടച്ചിറ പളളികേസ് വിധി പുന:പരിശോധിക്കാന്‍ പാത്രിയര്‍ക്കീസ് വിഭാഗം നല്കിയ റിവ്യൂ പെറ്റീഷന് ബഹു. ചീഫ് ജസ്റ്റിസുകൂടി ഉള്‍പ്പെട്ട മൂന്നംഗ സുപ്രീം കോടതി ബഞ്ച് തളളി. അതു പോലെ തന്നെ നെച്ചൂര്‍ പളളിക്കായി പാത്രിയര്‍ക്കീസ് വിഭാഗം നല്കിയ ക്യൂറേറ്റീവ് പെറ്റീഷനും സുപ്രീംകോടതി തളളി. കോടതി വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ചീഫ് സെക്രട്ടറി അതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഒരിക്കല്‍ക്കൂടി ശക്തമായ ഭാഷയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ചെറായി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയിലും പാത്രിയര്‍ക്കീസ് വിഭാഗത്തെ നിരോധിച്ചുകൊണ്ട് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി വിധി. ഈ പളളിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം വൈദീകര്‍ പ്രവേശിക്കുന്നതും കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും കോടതി വിലക്കി. 1934 ലെ ഭരണഘടന പ്രകാരം നിയമിക്കുന്ന വികാരിക്ക് മാത്രമെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അധികാരമുളളൂവെന്നും കോടതി വ്യക്തമാക്കി. പളളിയുടെ താക്കോല്‍ ഇപ്പോള്‍ ഓര്‍ത്തഡോക്സ് സഭയുടെ നിയമാനുസൃത വികാരിയുടെ പക്കലാണുളളത്. ഇത്രയും ശക്തമായ വിധികള്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിട്ടും വിധി നടപ്പാക്കി തരാത്ത കേരള സര്‍ക്കാരിന്റെ നിലപാട് ഇന്ത്യന്‍ ഭരണഘടനയോടുളള അവജ്ഞയും വെല്ലുവിളിയുമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. പാത്രിയര്‍ക്കീസ് വിഭാഗം നിയമപരമായി നിലനില്പ്പിലാത്ത ഒരു കൂട്ടമായി മാറിക്കഴിഞ്ഞു. സഭയില്‍ സമാധാനം സ്ഥാപിക്കാന്‍ ഉചിതമായ കാലാവസ്ഥയാണ് ഈ സുപ്രീം കോടതി വിധികളിലൂടെ സംജാതമായിരിക്കുന്നത്. ഇത് മനസ്സിലാക്കി പാത്രിയര്‍ക്കീസ് വിഭാഗം സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.