ഉണര്‍ത്തുപാട്ടായി പൊന്നോണം – വെരി.റവ.ബസലേല്‍ റമ്പാന്‍

മതങ്ങളുടെയും ആഘോഷങ്ങളുടെയും പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന സാഹചര്യത്തില്‍, ഒരു ആഘോഷം സംസ്‌കാരത്തനിമയുടെയും സനാതന നന്മയുടെയും പ്രതീകമാകുന്നത് അനുകരണീയവും ശ്രദ്ധേയവുമാണ്. വിശുദ്ധിയുടെയും ശ്രേഷ്ഠതയുടെയും ഭക്തിയുടെയും അകമ്പടിയോടെ ‘ഓണ’ത്തെ ‘തിരുവോണം’ എന്ന് സംബോധന ചെയ്യുമ്പോള്‍, ആഘോഷങ്ങള്‍ക്കപ്പുറം വലിയൊരു മൂല്യമാണ് അതിന് നാം നല്‍കുന്നത്. പഞ്ഞത്തിന്റെയും മൂടാപ്പിന്റെയും കാര്‍മേഘപടലങ്ങള്‍ക്കപ്പുറം വെളിച്ചത്തിന്റെയും സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും പാരമ്പര്യങ്ങളുടെയും കേളികൊട്ട് ഓണത്തിന് അകമ്പടി സേവിക്കുന്നു. അവിടെ ദേശീയതയും സംസ്‌കാരവും സമത്വഭാവനയും ഉദാത്ത മാനവീക മൂല്യങ്ങളും നമുക്കായി സമ്മേളിച്ചിരിക്കുന്നു.
‘നന്മകളുടെ കാവലാളാവാന്‍ ദേവകുലത്തില്‍ ജനിച്ചെങ്കിലെ സാധിക്കൂ’ _വെന്ന നാട്ടുചൊല്ലുകളെ അപ്രസക്തമാക്കി_ അസുരകുലത്തില്‍ ജനിച്ചവന്‍ നന്മയുടെയും മാനവിക മൂല്യങ്ങളുടെയും സംരക്ഷകനായി വര്‍ത്തിക്കുന്നുവെന്ന വൈരുദ്ധ്യം ഓണസ്മരണക്കുണ്ട്. വംശവും ജാതിയും ദേശവും വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസങ്ങളും ചെലുത്തുന്ന സ്വാധീനങ്ങള്‍ക്കപ്പുറം ഉത്തമസൃഷ്ടിക്ക് സമൂഹത്തെ സ്വാധീനിക്കുവാനാകുമെന്ന യാഥാര്‍ഥ്യം ഓണാഘോഷങ്ങളിലെ ക്രീയാത്മക ദര്‍ശനമാണ്.
ഉത്തമാധമ വ്യത്യാസമില്ലാതെ, സമത്വഭാവനകളെ മുറുകെപ്പിടിക്കുന്ന സത്ചേതനയാണ് ഇന്നാവശ്യം. ‘അസുരസ്വാധീനങ്ങള്‍ക്കുപരി’ മഹാബലിക്ക് കള്ളവും ചതിവുമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനായെങ്കില്‍, ‘തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുന്ന’ ഒരു വിശാല വീക്ഷണം നാം രൂപപ്പെടുത്തണം.
ഓണം, അനുഗ്രഹീതമായ ഒരു ഭൂതകാല സ്മരണയാണ്. ഗതകാല സ്മരണയെ വര്‍ത്തമാനകാല യാഥാര്‍ഥ്യമായി നാം ഉള്‍കൊള്ളുമ്പോള്‍ ഓണാഘോഷത്തിന് സ്പര്‍ശനീയമായ തലം ഉള്‍ക്കൊള്ളുവാനാകും. മനുഷ്യ മനോഭാവങ്ങളിലെ അനുകരണീയ മാറ്റം (paradigm shift) ഓണത്തെ ‘ഓര്‍മ്മ’യില്‍ നിന്നും സത്യാനുഭവത്തിലേക്കു മാറ്റും.
‘ഓണം’ ‘ഒന്നാവണം’ എന്നതിന്റെ ചുരുക്കെഴുത്തായി തോന്നിയാല്‍ അതിശയോക്തിയില്ല. ‘ഒന്നാണെന്ന’ പ്രമാണം ഒരു പ്രതിജ്ഞയിലോ പ്രസ്താവനയിലോ ഒതുക്കി നിര്‍ത്താതെ, പ്രജ്ഞയില്‍ സ്ഥിരപ്പെടുത്തണം. ഈ ലോകത്തില്‍ നമുക്ക് ഒന്നാകാന്‍ പറ്റിയില്ലെങ്കില്‍, ഭാവനാത്മകമായ,വിശ്വാസാധിഷ്ഠിതമായ സമൂഹത്തില്‍ എങ്ങനെ യോജിക്കാനാകും? ‘മാവേലി’ ‘മഹാബലി’ ആദിയായ നാമധേയങ്ങള്‍ ഓണത്തിന്റെ തനതായ വ്യക്തി നാമങ്ങളാണ്. ‘മാവേലി’ എന്ന നാമധേയം (‘മാ’ ‘വേലി’- അരുത് വേലി) വേലികെട്ടുകള്‍ക്കപ്പുറമായ ഒരു സാമൂഹ്യ ജീവിതക്രമത്തിന്റെ ഭാഗമാണ്. എല്ലാറ്റിലും വേലിക്കെട്ടുകള്‍ നിലനില്‍ക്കുന്നലോകത്ത് മതിലുകള്‍ക്കും വേലികള്‍ക്കും അപ്പുറമുള്ള സുരക്ഷിതത്വത്തിന്റെ വാതായനങ്ങളും ശീതളിമയും പകര്‍ന്ന് നല്‍കുന്ന ‘മാവേലി’ സ്മരണ ധ്യാനാത്മകവും യാഗാര്‍പ്പണവുമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലും വര്‍ഗ്ഗീയ-വംശീയ ചിന്താഗതികളാലും ചിതറിക്കപ്പെട്ട സാമൂഹ്യ ഘടനയ്ക്ക് ദിശയും ദശയും ആവേശവുമാകാന്‍ ഓണാഘോഷം അടിത്തറയാകണം. ബലികളും യാഗങ്ങളും കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കപ്പുറം മഹത്വവല്‍കരിക്കപ്പെടണം. സ്‌നേഹാധിഷ്ഠിതമായ ബലികളായി നമ്മുടെ ജീവിതവും സാക്ഷ്യവും സാധനയും പരിണമിക്കുമ്പോള്‍ ‘മഹാബലി’കളായി നാമും സമൂഹവും ആയിത്തീരും.
‘ആറടി’ മണ്ണില്‍ അടക്കപ്പെടേണ്ടവന്‍ ‘മൂന്നടി’ മണ്ണിന്റെ മാഹാത്മ്യം ഉള്‍ക്കൊള്ളണം. മഹാബലി വാമനന് അനുവദിച്ചത് മൂന്നടി മണ്ണാണ്. ചക്രവര്‍ത്തിയായ മഹാബലിയുടെ സര്‍വ്വസ്വവും സര്‍വ്വേശ്വരന്റെ രണ്ടടിയില്‍ ഒതുങ്ങിയെങ്കില്‍, നമ്മുടെ സമ്പാദ്യവും പ്രതാപവും ഈശ്വര ദൃഷ്ടിയില്‍ ഏറ്റവും ലഘുവാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മണ്ണിനായി പോരടിക്കുന്ന ലോകത്ത് സനാതന സഹനത പുലര്‍ത്തുന്നൊരു വ്യക്തിത്വം ചിന്താധാരയല്ലേ?. ഓണക്കളികളും പാട്ടുകളും പൂക്കളങ്ങളും തിരുവോണത്തിന് ആഢ്യതയും ആലങ്കാരികതയും നല്‍കുന്നു. മനസ്സിലൊരു ഗൃഹാതുരത്വ സ്മരണയും സ്പന്ദനവുമായി ഓണാഘോഷമുണ്ട്. നമ്മിലെ ശിശുഭാവവും ഉല്ലാസചിന്തയും ഓണം തൊട്ടുണര്‍ത്തുന്നു. കളികളും ചിരികളുമായി ഓണം മുന്നേറുമ്പോള്‍, ‘ഇനിയുമൊരു ബാല്യം നമ്മിലുണ്ടെന്ന’ യാഥാര്‍ഥ്യം നമ്മെ സ്‌നേഹസ്മരണയോടെ ഓര്‍മ്മിപ്പിക്കുന്നു. ശ്രുതി നഷ്ടപ്പെട്ട പാട്ടുകളും സുഗന്ധരഹിത പൂക്കളും ഉല്ലാസമില്ലാത്ത കളികളും ഘടന നഷ്ടപ്പെട്ട അത്തപ്പൂക്കളങ്ങളുമായി ഓണം മാറിയിട്ടുണ്ടോ? അധിനിവേശങ്ങളും കൊലപാതകങ്ങളും സ്വാര്‍ത്ഥമനോഭാവങ്ങളും ഓണാഘോഷത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിത്തുടങ്ങിയോ? ഒരിക്കലും അരുതെന്ന് കേള്‍ക്കുവാന്‍ മനസ് വെമ്പുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാന്‍, സോദരതുല്യം വാഴുവാന്‍, വന്നുഭവിച്ച വിടവുകളെ യോജിപ്പിക്കുവാന്‍ പൊന്നോണം ഒളിമങ്ങാതെ ശോഭിക്കട്ടെ…ഉണര്‍ത്തുപാട്ടായി.. ആഘോഷങ്ങളിലെ ‘ഘോഷസ്വരമായി… ഐതിഹങ്ങളിലെ ‘പെരുമഴയായി’..

Comments

comments

Share This Post

Post Comment