പള്ളികളും സെമിത്തേരികളും കൈയേറുന്നു എന്ന ആരോപണം വാസ്തവവിരുദ്ധം

ഓര്‍ത്തഡോക്‌സ് സഭയെ കൈയേറ്റക്കാരെന്ന് മുദ്രകുത്തുവാന്‍ പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോകില്ലായെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. സുപ്രീം കോടതി വിധി അനുസരിച്ച് പള്ളികളില്‍ സമാന്തര ഭരണം അവസാനിപ്പിച്ച് 1934 ലെ സഭാ ഭരണഘടന നടപ്പാക്കുവാന്‍ മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുന്നത്. വഴക്കുകളും ഭിന്നതകളും ആരംഭിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുമ്പ് സ്ഥാപിക്കപ്പെട്ട പള്ളികള്‍ തങ്ങളുടേതു മാത്രമാണെന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വാദം തന്നെ ബാലിശമാണ്. സുപ്രീംകോടതി വിധിയനുസരിച്ച് ഭരണക്രമം നടപ്പാക്കാന്‍ സഹകരിക്കില്ല എങ്കില്‍ പിന്നെ പുതിയ പള്ളികള്‍ വച്ച് മാറിപ്പോവുന്നതിന് ആരും തടസം നില്‍ക്കുന്നില്ല. ഏതൊരു പൗരനും അവന്റെ വിശ്വാസമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. അതിന് ആരും എതിരല്ല. കോടതിയെ ബഹുമാനിക്കുന്നു എന്നു നിരന്തരം പറയുകയും അതേസമയം കോടതിവിധിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാതിരിക്കുവാന്‍ സമരം നയിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. സത്യവും നീതിയും പുലരുന്നതിനുവേണ്ടിയാണ് ഉപവാസം നടത്തേണ്ടത്. പക്ഷെ പാത്രിയര്‍ക്കീസ് വിഭാഗം നീതി നിഷേധത്തിനായി ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത് അപലപനീയമാണ്. സുപ്രീം കോടതി വിധിയുടെ അന്ത:സത്ത തിരിച്ചറിഞ്ഞുകൊണ്ട് നിയമാനുസൃത നിലപാടുകള്‍ സ്വീകരിക്കുന്നതിന് ഏറെ വിശ്വാസികള്‍ തയ്യാറാകുന്നുയെന്നത് ശുഭോദര്‍ക്കമാണ്. തല്പര കക്ഷികളുടെ വ്യാജപ്രചാരണങ്ങള്‍ വിലപ്പോവില്ല. കട്ടച്ചിറ മുതലായ, കോടതിവിധികള്‍ നടപ്പായ പള്ളികളില്‍, ഇത്രയും കാലം നിയമാനുസൃതമായും സര്‍വ്വ അംഗീകാരത്തോടെയും ആദരവോടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നു എന്നത് സെമിത്തേരി കൈയേറുന്നു എന്ന ആരോപണത്തെ അപ്രസക്തമാക്കുന്നു. സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സഭകള്‍ ഒന്നാകാന്‍ ശ്രമിക്കേണ്ടതിനു പകരം അതിനെതിരായി വിശ്വാസികളെ ഇളക്കിവിടുവാനും ഒപ്പുശേഖരണം നടത്തുവാന്‍ ശ്രമിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവില്ല.

Comments

comments

Share This Post

Post Comment