പിറവം വലിയപള്ളിയില്‍ വിധി നടപ്പാക്കാന്‍ പോലീസം സംരക്ഷണം നല്‍കണം – ഹൈക്കോടതി

കൊച്ചി – പിറവം സെന്റ് മേരീസ് വലിയപള്ളി വികാരിക്കും ഭരണസമിതിക്കും പോലീസ് സംരക്ഷണം അനുവദിച്ച് കേരളാ ഹൈക്കോടതി ഉത്തരവിറങ്ങി. 2017 ജൂലായ് 3ന് കോലഞ്ചേരി പള്ളികേസില്‍ മലങ്കരസഭയുടെ എല്ലാ പള്ളികളും 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടണമെന്ന ബഹു.സുപ്രീംകോടതിയുടെ അന്തിമവിധി നിലനില്‍ക്കെതന്നെ 2018 ഏപ്രില്‍ 10ന് പിറവം പള്ളികേസിലും അനുകൂലമായ വിധി വന്നിരുന്നു. എന്നാല്‍ വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യമായതിനാല്‍ ഇടവക വികാരിയും കമ്മറ്റിക്കാരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗവും സര്‍ക്കാരും ആവശ്യപ്പെട്ട യാതൊരു വാദഗതികളും ഹൈക്കോടതി അംഗീകരിച്ചില്ല. സര്‍ക്കാര്‍ നല്‍കിയ 19 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞ കോടതി രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ പോലീസ് ബാധ്യസ്ഥരാണ്. പോലീസ് സേന സാഹചര്യങ്ങളെ മനസ്സിലാക്കി നിയമപ്രകാരം പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചു. പാത്രിയര്‍ക്കീസ് പരമാധികാരിയാണെന്ന യാക്കോബായ വിഭാഗം വാദവും കോടതി അംഗീകരിച്ചില്ല. ബഹു.സുപ്രീംകോടതിയുടെ വിധിപ്രകാരം പാത്രിയര്‍ക്കീസിന്റെ പരമാധികാരം വാനിഷിങ് പോയിന്റില്‍ എത്തിയെന്നും കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാരായ വികാരി, ട്രസ്റ്റി എന്നിവര്‍ക്ക് ആത്മീയ-ഭൗതിക അവകാശങ്ങള്‍ നിര്‍വഹിക്കുന്നതിന് എതിര്‍കക്ഷികളായ യാക്കോബായ വിഘടിതവിഭാഗത്തിലെ വൈദികര്‍ക്കോ വിശ്വാസികള്‍ക്കോ അവരെ പിന്തുണയ്ക്കുന്നവര്‍ക്കോ അവകാശമില്ല എന്നും അത് തടസ്സപ്പെടുത്തരുതെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Share This Post

Post Comment