ജനക്കൂട്ടത്തെക്കാണിച്ച് സുപ്രീംകോടതി വിധി മറികടക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് – ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറൊസ് മെത്രാപ്പോലീത്ത.


ജനക്കൂട്ടത്തെക്കാണിച്ച് സുപ്രീംകോടതി വിധി മറികടക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറൊസ് മെത്രാപ്പോലീത്ത. അന്ത്യോഖ്യയെ മറക്കണമെന്നോ അവരോട് യാതൊരുബന്ധവും പാടില്ല എന്നോ ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞിട്ടില്ല. ‘മലങ്കരസഭയുടെമേല്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ ആത്മീകവും ലൗകികവുമായ അധികാരങ്ങള്‍ അസ്തമിക്കുന്ന ബിന്ദുവിലെത്തി’ എന്ന് രാജ്യത്തെ കോടതികള്‍ കണ്ടെത്തിയിട്ടുണ്ട്. ആ കണ്ടെത്തലിനെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്. 1934-ലെ ഭരണഘടനയില്‍ വിവക്ഷിക്കുന്നതില്‍ അധികമായി ആരെങ്കിലും അന്ത്യോഖ്യ പാത്രിയര്‍ക്കീസിന് അധികാരം നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ക്ക് അതിനുള്ള അവകാശം ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. പക്ഷെ അങ്ങിനെ ചിന്തിക്കുന്നവര്‍ പുതിയ പള്ളികള്‍ സ്ഥാപിച്ച് അവരുടെ വിശ്വാസം സംരക്ഷിക്കേണ്ടിവരും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ഭരണഘടനയനുസരിച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആരെയും പളളികളില്‍ നിന്ന് പുറത്താക്കുകയോ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യുകയില്ല. 1653-ല്‍ നടന്ന കൂനന്‍കുരിശു സത്യം വിദേശ ആധിപത്യത്തിനെതിരായി എടുത്ത പ്രതിജ്ഞയായിരുന്നു. എന്നാല്‍ രണ്ടാം കൂനന്‍കുരിശ് എന്നു പേരിട്ട് ജനത്തെക്കൊണ്ട് പല അവസരങ്ങളില്‍ ഏറ്റുചൊല്ലിച്ചത് ഒരു വിദേശശക്തിക്ക് എക്കാലവും അടിമകളായിരുന്നു കൊള്ളാം എന്നാണ്. ഈ വൈരുദ്ധ്യം ഉത്തരവാദിത്വമുളള ചില പ്രമുഖ മാധ്യമങ്ങള്‍ പോലും മനസിലാക്കിയില്ല എന്നത് ഖേദകരമാണ്. 1653- ലെ കൂനന്‍കുരിശ് സത്യം അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ അധികാരം സംരക്ഷിക്കുവാനാണ് നടത്തിയത് എന്ന വിധത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. യഥാര്‍ത്ഥ സത്യവാചകം 1896 മീനം ലക്കം ഇടവക പത്രികയില്‍ ക്‌നാനായ സമുദായംഗവും അസോസിയേഷന്‍ സെക്രട്ടറിയുമായിരുന്ന ഇടവഴിക്കല്‍ ഇ.എം ഫിലിപ്പോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പ്രാര്‍ത്ഥനാ പൂര്‍വം പ്രതിസന്ധി മറികടക്കുമെന്നു’ പറഞ്ഞിട്ട് അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് വിരോധാഭാസമാണ്. പള്ളികള്‍ തകര്‍ത്തുകളയുവാന്‍ ആഹ്വാനം ചെയ്യുന്ന മെത്രാപ്പോലീത്തന്മാരുടെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോടതിവിധികള്‍ എതിരായിവരുന്നു എന്നു കാണുമ്പോള്‍ തന്നെ പള്ളികളില്‍ നിന്ന് സാധന സാമഗ്രികള്‍ വ്യാപകമായി മോഷണം പോകുന്നു. സുപ്രീംകോടതി വിധികള്‍ക്കെതിരായി പ്രതിഷേധ യോഗങ്ങളും റാലികളും നടത്തുകയും, നീതിപീഠം ന്യായം തരുന്നില്ല എന്നും, വിധികള്‍ അനുകൂലമാക്കുവാന്‍ കോഴ കൊടുക്കുന്നു എന്നും തല്പര കക്ഷികള്‍ പരസ്യമായി പറഞ്ഞിട്ടും ഇത്തരം നഗ്നമായ നിയമലംഘനങ്ങള്‍ക്കും കോടതിയലക്ഷ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ യാതൊരു നടപടിയും അധികാരികള്‍ സ്വീകരിക്കുന്നില്ല. കോടതി വിധി നടപ്പാക്കുവാന്‍ താമസിപ്പിക്കുന്നതിലൂടെ നീതി ലഭിക്കാതെ പോകുന്നത് ഓര്‍ത്തഡോക്‌സ് സഭയ്ക്കാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറൊസ് മെത്രാപ്പോലീത്ത പറഞ്ഞു.

Comments

comments

Share This Post

Post Comment