വടവുകോട് പള്ളിക്കേസില്‍ പരാജയപ്പെട്ടവര്‍ സംഘര്‍ഷം അഴിച്ചുവിടുന്നു- അഡ്വ. ബിജു ഉമ്മന്‍

വടവുകോട് സെന്റ് മേരീസ് പള്ളിക്കേസ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധിച്ചതില്‍ നിരാശപൂണ്ട് പാത്രിയര്‍ക്കീസ് വിഭാഗം അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. പാത്രിയര്‍ക്കീസ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കുന്നതിന് നിരോധനമുണ്ട്. എന്നിട്ടും കഴിഞ്ഞ ഞായറാഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധന പൂര്‍ത്തീകരിച്ചശേഷം പാത്രിയര്‍ക്കീസ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിമുറ്റത്ത് സംഘര്‍ഷം സൃഷ്ടിച്ചു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധി ഉണ്ടായിട്ട് രണ്ടാഴ്ചയോളമായ സാഹചര്യത്തില്‍ ഇനി സമാന്തര ഭരണം നില നിര്‍ത്തുവാന്‍ അനുവദിക്കയില്ല എന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പള്ളിയകത്ത് തുടര്‍ന്നു. പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വന്ന പോലീസ് സംഘം പാത്രിയര്‍ക്കീസ് വിഭാഗത്തെ തടഞ്ഞു. ഉച്ചയോടെ എല്ലാവരും പിരിഞ്ഞുപോയി എങ്കിലും വീടുകളിലേക്ക് മടങ്ങിപ്പോകുന്നവഴിയില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ കിഴക്കേടത്ത് കെ. കെ. കുര്യാച്ചന്‍, മറ്റപ്പിള്ളില്‍ സാബു എന്നിവരെ മറുഭാഗത്തെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചവരുടെ പേരുകള്‍ പോലീസിന് നല്‍കിയിട്ടും ശക്തമായ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ന്യായമായി ലഭിക്കാന്‍ സാധിക്കാത്തത്, അക്രമത്തിലൂടെ നേടുവാനുള്ള പ്രവണത അധികാരികള്‍ അനുവദിക്കുന്നത് ഖേദകരമാണ്. വടവുകോട് നടന്ന അക്രമങ്ങള്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ദീര്‍ഘകാലം കേസുനടത്തി പരാജയപ്പെട്ടു കഴിയുമ്പോള്‍ വിധി അനുസരിക്കുകയില്ല എന്ന നിലപാടെടുക്കുന്നത് ദു:ഖകരമാണ്. വടവുകോട് പള്ളിയില്‍നിന്നും അനേകസാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. പള്ളിയുടെ കതകുകള്‍പോലും മോഷണം പോയിരിക്കുന്നു. പോലീസില്‍ പരാതിപ്പെട്ടു എങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.

Comments

comments

Share This Post

Post Comment