ഓര്‍ത്തഡോക്‌സ് സഭ പളളികള്‍ കയ്യേറുകയോ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നത് തടയുകയോ ചെയ്യുന്നില്ല.


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം വടവുകോട് പളളിയില്‍ ആരാധനയ്ക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ അതിക്രൂരമായ അക്രമമുണ്ടായി. ഗുരുതരമായ പരുക്കുകളോടെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ രണ്ട് പേര്‍ ആശുപത്രിയിലാണ്. എല്ലാ അക്രമികളെയും പോലീസ് ഇതുവരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച്ച ആരാധന മുടക്കുന്നുതിനുവേണ്ടി പളളിയകത്ത് മുളകുപൊടി വിതറുകയും ചോരക്കുഴി പളളിയില്‍ കോടതി വിധി നടപ്പാക്കുവാന്‍ പോലീസ് പ്രൊട്ടക്ഷന്‍ ഉണ്ടായിട്ട് പോലും പോലീസിന്റെ മുന്നില്‍ വെച്ച് തന്നെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്ക് നേരെ മുളകുവെളളം ഒഴിക്കുകയും ചെയ്തു. ദേവലോകം അരമന ചാപ്പലിന്റെ മുന്നിലുളള കുരിശടിയുടെയും തുത്തൂട്ടി മാര്‍ ഗ്രീഗോറിയോസ് ചാപ്പലിന്റെയും നേരെ അക്രമം ഉണ്ടായി. മണര്‍കാട് പളളിയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ ട്രസ്റ്റി സന്തോഷിനെ ആക്രമിച്ച് ഗുരുതരമായി മുറിവേല്‍പ്പിച്ചു. മലങ്കര സഭയുടെ ആരാധനാലയങ്ങളില്‍ നിന്ന് വ്യാപകമായി മോഷണം നടത്തുകയും ആരാധനാലയങ്ങള്‍ തകര്‍ക്കണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മെത്രാപ്പോലീത്താമാര്‍ ആഹ്വാനം ചെയ്യുകയുമാണ്. ഇത്തരം അക്രമപരമ്പരകള്‍ അവസാനിപ്പിച്ച് സമാധാനം പുലരുവാന്‍ വേണ്ട നടപടികള്‍ കൈക്കൊളളണം. അനുകൂല കോടതി വിധി ലഭിക്കുന്ന എല്ലാ പളളികളിലും പളളി സംരക്ഷിക്കുവാന്‍ എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം. ഈ അക്രമങ്ങളെല്ലാം ഗവണ്‍മെന്റിന്റെയും നിയമം നടപ്പാക്കുവാന്‍ ബാധ്യതയുളള ഉന്നതഅധികാരികളുടെയും ഒത്താശയോടെയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഗവണ്‍മെന്റ് സത്വര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് ബഹു. സുപ്രീംകോടതി വിധി പ്രകാരം ശബരിമല വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളസര്‍ക്കാര്‍ ആസൂത്രണം ചെയ്ത വനിതാമതിലില്‍ പങ്കെടുത്ത പാത്രിയര്‍ക്കീസ് വിഭാഗം എന്തുകൊണ്ട് അതേ സുപ്രീം കോടതിയില്‍ നിന്നുണ്ടായ സഭാ കേസിന്റെ വിധി അംഗീകരിക്കാത്തത്. അക്രമങ്ങള്‍ നടത്തി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം. ബാബറി മസ്ജിദ് തര്‍ക്കത്തില്‍ ബഹു.സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കേരള മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ മത- സാമുദായിക നേതാക്കന്മാരും ഒരേ സ്വരത്തില്‍ ആഹ്വാനം ചെയ്യുമ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച വിധിയുടെ കാര്യത്തില്‍ എല്ലാവരും മൗനം പാലിക്കുകയാണ്. ഓര്‍ത്തഡോക്‌സ് സഭ പളളികള്‍ കയ്യേറുകയോ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നത് തടയുകയോ ചെയ്യുന്നില്ല. സുപ്രീംകോടതി വിധി എല്ലാ പളളികളിലും നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്യുകമാത്രമാണ് ഇതുവരെ ചെയ്തിട്ടുളളത്. അക്രമങ്ങള്‍ക്കായി ജനത്തെ നിരത്തിലിറക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. അക്രമങ്ങള്‍ക്കൊണ്ട് കോടതിവിധി മറികടക്കാനുളള ശ്രമം ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും

 

Comments

comments

Share This Post

Post Comment