മൃതദേഹ സംസ്‌കാരം-പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ പിന്‍വലിച്ചു.


മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 ന്റെ സാധുത പരിശോധിക്കുവാന്‍ പാത്രിയര്‍ക്കീസ് വിഭാഗം ഓര്‍ത്തഡോക്സ് സഭയ്ക്ക് എതിരെ നല്‍കിയ ഹര്‍ജികള്‍ പിന്‍വലിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചില്‍ ഒരു മണിക്കൂറോളം വാദം കേട്ടെങ്കിലും പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുളള എല്ലാ കാര്യങ്ങളും സുപ്രീംകോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിച്ച് തീര്‍പ്പുകല്പിച്ചിട്ടുളളതാണ്, അവയെ മറികടക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് മറുവിഭാഗം ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും കൂടുതല്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഇത് കോടതിയുടെ വിഷയമല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. മലങ്കര സഭാകേസുകള്‍ സംബന്ധിച്ചുളള എല്ലാ ഉത്തരവുകളും എല്ലാ വിഷയങ്ങളെ സംബന്ധിച്ചും നിലനില്‍ക്കുന്നതാണ്. ഹൈക്കോടതിയില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ചിലയാളുകള്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയിലെ ആവശ്യങ്ങളില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാക്കരുതെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ചില്‍ നിന്നും ഹൈക്കോടതിയെ സമീപിക്കുവാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്ന് കാട്ടി യാക്കോബായ വിഭാഗം അപേക്ഷിച്ചതു പരിഗണിച്ച് ആയതിനുളള സ്വാതന്ത്ര്യം മാത്രം നല്‍കികൊണ്ട് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കുകയാണുണ്ടായത്. ഓര്‍ത്തഡോക്സ് സഭയ്ക്കു വേണ്ടി അഭിഭാഷകരായ സി.യൂ സിംഗ്, കൃഷ്ണന്‍ വേണുഗോപാല്‍, സദറുള്‍ അനാം എന്നിവര്‍ ഹാജരായി.

 

Comments

comments

Share This Post

Post Comment