ബഹു. സുപ്രീംകോടതി നിലപാട് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഖേദകരം

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ കേസിനെ സംബന്ധിച്ച് സുപ്രീംകോടതിയുടെ നിലപാട് പാത്രിയര്‍ക്കീസ് വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഖേദകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ആറ് കോടതിയലക്ഷ്യ ഹര്‍ജികളും സമാന സ്വഭാവമുളളവയാണ്. ആറിലെയും എതിര്‍കക്ഷികളും പരമാര്‍ശവിഷയങ്ങളും സമാനമാണ്. അതിനാല്‍ ഒരെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നും ബാക്കി അഞ്ചണ്ണം പിന്‍വലിക്കാമെന്നുളള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അവ പിന്‍വലിച്ചത്. ആറ് ഹര്‍ജികളിലും പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് നോട്ടീസ് അയയ്ക്കുവാന്‍ ഉത്തരവായിരിക്കുന്നത്. ഗവണ്‍മെന്റ് അധികാരികള്‍ക്കും പാത്രിയര്‍ക്കീസ് വിഭാഗത്തിലെ നേതൃനിരയ്ക്കും നോട്ടീസ് നല്‍കുവാനാണ് ബഹു. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുന്നു എന്നതിനാല്‍ത്തന്നെയാണ് നോട്ടീസ് അയയ്ക്കുവാന്‍ ഉത്തരവായത്. കോടതിയലക്ഷ്യ കേസ് തളളിയെന്നുളള വ്യാഖ്യാനം സത്യവിരുദ്ധമാണ്. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുളള ഉത്തരവും വളരെ വ്യക്തമാണ്. സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനും മരണനാന്തര ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നതിനും 1934 ലെ ഭരണഘടനയനുസരിച്ച് നിയമിതനായിരിക്കുന്ന വികാരിക്ക് മാത്രമാണ് അവകാശമെന്ന് അസന്ദിഗ്ധമായി ഉത്തരവിട്ടിരിക്കുന്നു. എന്നിട്ടും ?പാത്രിയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ടവരുടെ മൃതശരീരങ്ങള്‍ നിയമാനുസൃത വികാരിയുടെ അറിവും സമ്മതവും ഇല്ലാതെ സംസ്‌കരിക്കുന്നതിന് തടസമില്ല?എന്ന് പാത്രിയര്‍ക്കീസ വിഭാഗം പ്രചരിപ്പിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ആഴ്ചകള്‍ക്കുമുമ്പ് കട്ടച്ചിറയില്‍ മരിച്ച വൃദ്ധയുടെ മൃതശരീരം ഇതുവരെയും സംസ്‌കരിക്കാനാവാത്തത് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പിടിവാശി മൂലമാണ്. സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മീഷനും വളരെ കൃത്യമായ നിലപാടുകള്‍ എടുത്ത സ്ഥിതിക്ക് ഇനിയെങ്കിലും മൃതശരീരങ്ങള്‍ നിയമാനുസരണം സംസ്‌കരിക്കുന്നതിനുളള സന്നദ്ധത പാത്രിയര്‍ക്കീസ് വിഭാഗം കാണിക്കണം. മൃതശരീരങ്ങളെമുന്‍നിര്‍ത്തി വിലപേശി പൊതുസമൂഹത്തില്‍ സഹതാപം സൃഷ്ടിക്കാനുളള ശ്രമം നിയമവിരുദ്ധമാണ് എന്നത് ഇന്നലെ ലഭിച്ച ഉത്തരവുകളില്‍ നിന്ന് വ്യക്തമാണ്. മൃതശരീരം സംസ്‌കരിക്കുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടില്‍ മനുഷ്യാവകാശ ലംഘനമില്ലന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നതെന്നും മാര്‍ ദിയസ്‌ക്കോറോസ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Share This Post

Post Comment